
















തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും എന്നാല്‍ അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ചെയ്യാന്‍ ഇസ്ലാമിക് റിപ്പബ്ലിക് ആഗ്രഹിക്കുന്നില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം സ്റ്റേറ്റ് ടിവിയിലൂടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഞങ്ങള്‍ യുദ്ധത്തിന് വഴിതുറന്നിട്ടില്ല, അത് ആഗ്രഹിക്കുന്നുമില്ല,' അദ്ദേഹം പറഞ്ഞു.
'എങ്കിലും ഒരു സാഹചര്യത്തിലും ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ല. ഈ കാര്യത്തില്‍ 'പ്രതിരോധ മുന്നണി'യെ ഞങ്ങള്‍ ഒന്നായി കാണുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്മെന്റ് ഒരു പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്നും യുദ്ധത്തിലുണ്ടായ എല്ലാ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ പ്രതിരോധ മുന്നണിയെ ഒരു ഏകീകൃത ശക്തിയായി കണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രതികാരം ചെയ്യാന്‍ ടെഹ്റാന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നയതന്ത്രപരമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ കര്‍ശന നിലപാടില്‍ തുടരുമെന്ന സൂചനയാണിത് നല്‍കുന്നത്.
തന്റെ പിതാവിന്റെ വിയോഗത്തെ ഇസ്ലാമിന്റെയും ഇറാന്റെയും ശത്രുക്കള്‍ ചെയ്ത ഭീകരമായ കുറ്റകൃത്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവിന്റെയും സത്യാന്വേഷികളുടെയും രക്തസാക്ഷികളുടെയും നേതാവായ മഹാനായ വ്യക്തിയുടെ രക്തസാക്ഷിത്വത്തിന് നാല്‍പ്പത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.