
















എന്‍എച്ച്എസില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന സമ്മര്‍ദം എന്താണെന്ന് അവിടെ ജോലി ചെയ്യുന്നവരോട് ചോദിച്ചാല്‍ വ്യക്തമായറിയാം. വ്യക്തിപരമായ ആവശ്യങ്ങളും, ചിലപ്പോള്‍ കുടുംബ കാര്യങ്ങള്‍ വരെ മാറ്റിവെച്ച് ജോലി ചെയ്യാന്‍ തയ്യാറാകുന്ന എന്‍എച്ച്എസ് ജീവനക്കാരാണ് ഹെല്‍ത്ത് സര്‍വ്വീസിനെ ചീത്തപ്പേര് കേള്‍പ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത്.
എന്നാല്‍ ഇതിനിടയിലും ബജറ്റ് ലാഭിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗവണ്‍മെന്റ്. ഇതിന്റെ ഫലമായി 21,000 ജോലിക്കാരെയെങ്കിലും ട്രസ്റ്റുകള്‍ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. 2028 ആകുന്നതോടെ ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലുമായി 21,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുണീഷന്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ ട്രസ്റ്റുകള്‍ ബജറ്റില്‍ ലാഭം കണ്ടെത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതിനായി ആശുപത്രികള്‍, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ നിന്നായി ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ട്രസ്റ്റുകളെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും, ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളിലുമായി നഷ്ടമാകുന്ന തൊഴിലുകള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നടപടികളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടികളാണ് ഈ തോത് വ്യക്തമാക്കുന്നത്.
നഴ്‌സുമാര്‍ക്കും, മറ്റ് ക്ലിനിക്കല്‍ സ്റ്റാഫിനും ഉള്‍പ്പെടെ ജോലി നഷ്ടമാകുമെന്ന് തങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നതായി യൂണിയന്‍ പറഞ്ഞു. വേക്കന്‍സികള്‍ ഫ്രീസ് ചെയ്തും, റീസ്ട്രക്ചര്‍ ചെയ്തും, ഏജന്‍സി ജീവനക്കാരെ ഉപയോഗിക്കുന്നത് കുറച്ചുമാണ് ട്രസ്റ്റുകള്‍ ലക്ഷ്യം കണ്ടെത്തുക.
ജീവനക്കാര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം തെറ്റായ ഉത്തരമാണെന്ന് യുണീഷന്‍ ഹെല്‍ത്ത് ഹെഡ് ഹെല്‍ഗാ പൈല്‍ പറഞ്ഞു.