CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 15 Seconds Ago
Breaking Now

പൊതുജനങ്ങള്‍ക്ക് 'അപകടകാരിയെന്ന്' മുദ്രകുത്തിയ എന്‍എച്ച്എസ് നഴ്‌സിന് വിജയമധുരം; കുട്ടിപ്പീഡകനായ ട്രാന്‍സ്‌ജെന്‍ഡറെ 'മിസ്റ്ററെന്ന്' വിളിച്ചതിന് ട്രസ്റ്റ് വേട്ടയാടിയ 41-കാരിക്ക് കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ്; നഴ്‌സിനോട് മാപ്പ് പറഞ്ഞ് എന്‍എച്ച്എസ് ട്രസ്റ്റ്

എന്‍എംസി അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയാകുന്നത് വരെ മെല്ലെയ്ക്ക്‌ ആശ്വാസം ലഭിക്കില്ല

ഒരു ട്രാന്‍സ്‌ജെന്‍ഡറെ 'മിസ്റ്റര്‍' എന്ന് വിളിച്ചതിന് എന്‍എച്ച്എസ് ട്രസ്റ്റ് വേട്ടയാടിയ നഴ്‌സിന് വിജയ പ്രതികാരം. 'പൊതുജനങ്ങള്‍ക്ക് അപകടമെന്ന്' വരെ മുദ്രകുത്തിയ ശേഷമാണ് നഴ്‌സിന് കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് ലഭിച്ചത്. 

ക്രോയ്‌ഡോണിലെ 41-കാരി ജെന്നിഫര്‍ മെല്ലെയ്ക്കാണ് ലൈംഗിക കുറ്റവാളിയായ ട്രാന്‍സ്‌ജെന്‍ഡറെ പുരുഷനെന്ന നിലയില്‍ അഭിസംബോധന ചെയ്തതിന്റെ പേരില്‍ വേട്ടയാടല്‍ നേരിട്ടത്. 2024 മേയിലായിരുന്നു സംഭവവികാസങ്ങള്‍. നഴ്‌സിനെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിച്ച എന്‍എച്ച്എസ് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. 

സറേയിലെ കാര്‍ഷാല്‍ടണിലുള്ള സെന്റ് ഹെലിയന്‍ ആശുപത്രിയില്‍ രോഗിയില്‍ നിന്നും ആക്രോശവും, വംശവെറിയും, അക്രമഭീഷണിയും നേരിട്ടിട്ടും നഴ്‌സിനെ അച്ചടക്കം പഠിപ്പിക്കാനാണ് ട്രസ്റ്റ് വെമ്പല്‍ കൊണ്ടത്. തന്റെ അനുഭവം പൊതുമുഖത്ത് അവതരിപ്പിച്ചതിന് പിന്നാലെ മെല്ലെയെ 2025 മാര്‍ച്ചില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ വെളിപ്പെടുത്തലില്‍ നിന്നും രോഗിയെ തിരിച്ചറിയുമെന്നായിരുന്നു ആരോപണം. 

നഴ്‌സിന്റെ പെരുമാറ്റം പ്രൊഫഷണല്‍ റെഗുലേറ്ററിനും റിപ്പോര്‍ട്ട് ചെയ്തു. പത്ത് മാസത്തോളം ജോലിയില്‍ നിന്നും പുറത്തും നിര്‍ത്തി. എന്നാല്‍ സംഭവം വിവാദമായതോടെ ഫെബ്രുവരിയില്‍ ഇവരെ ജോലിയില്‍ തിരിച്ചെടുത്തു. കൂടാതെ അച്ചടക്ക സമിതിയില്‍ നഴ്‌സ് തെറ്റ് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

തന്റെ അനുഭവം വെളിപ്പെടുത്തിയതിലും നഴ്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എപ്‌സം & സെന്റ് ഹെലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കി. കൂടാതെ നഴ്‌സുമായി സെറ്റില്‍മെന്റില്‍ എത്താനും സമ്മതിച്ചു. തിങ്കളാഴ്ച ട്രിബ്യൂണല്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ നീക്കം. 

നഴ്‌സിന് നേരിട്ട പെരുമാറ്റത്തില്‍ ട്രസ്റ്റ് മാപ്പ് പറഞ്ഞിട്ടുണ്ട്. വംശവെറി നിറഞ്ഞ ഭാഷ അനുവദിക്കില്ലെന്ന് രോഗിക്കുള്ള മുന്നറിയിപ്പിലും വ്യക്തമാക്കി. എന്നിരുന്നാലും എന്‍എംസി അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയാകുന്നത് വരെ മെല്ലെയ്ക്ക്‌ ആശ്വാസം ലഭിക്കില്ല. 




കൂടുതല്‍വാര്‍ത്തകള്‍.