
















2008ന് ശേഷം ജനിച്ച ആളുകള്‍ക്ക് പുകവലി നിരോധനം ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി ബ്രിട്ടന്‍. രാജ്യത്തിന്റെ ആരോഗ്യത്തില്‍ ചരിത്രപരമായ തീരുമാനമെന്നാണ് ഇത് പ്രശംസിക്കപ്പെടുന്നത്.
ടുബാക്കോ & വേപ്പ്‌സ് ബില്‍ അന്തിമ രൂപത്തിന് കോമണ്‍സും, ലോര്‍ഡ്‌സും അംഗീകാരം നല്‍കി. ഇതോടെ 2009 ജനുവരി 1 മുതല്‍ ജനിച്ചവര്‍ക്ക് ഒരിക്കലും പുകവലിക്കാന്‍ അനുമതിയുണ്ടാകില്ല. ഇനി രാജാവിന്റെ ഔദ്യോഗിക അംഗീകാരം കൂടിയാണ് ബില്ലിന് ബാക്കിയുള്ളത്. ഇത് ലഭിക്കുന്നതോടെ ബില്‍ നിയമമായി മാറും.
കൂടാതെ പുകയില, വേപ്പിംഗ്, നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍, ഇവയുടെ ഫ്‌ളേവറുള്ള ഉത്പന്നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്ക് പുതിയ അവകാശങ്ങള്‍ ലഭിക്കും. രാജ്യത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നിമിഷമാണ് നിരോധനമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു.
'യുകെയിലെ കുട്ടികള്‍ പുകവലി മുക്തമായ ആദ്യ തലമുറയായി മാറും, ഒരു ജീവിതകാലം നീളുന്ന അടിമത്തത്തില്‍ നിന്നും, അപകടത്തില്‍ നിന്നും സുരക്ഷിതരാകും', സ്ട്രീറ്റിംഗ് കോമണ്‍സില്‍ പറഞ്ഞു. നിരോധനം വരുന്നതോടെ 17 മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് പുകവലിക്കുന്നതിന് വിലക്ക് വരും. ഇതിന്റെ ഏത് തരത്തിലുള്ള ഉപയോഗവും അസാധ്യമാകും.
പുതിയ നിയമപ്രകാരം കുട്ടികള്‍ ഒപ്പമുള്ള സമയത്ത് കാറുകളിലും, പ്ലേഗ്രൗണ്ടിലും, സ്‌കൂളുകള്‍ക്ക് പുറത്തും പുകവലി, വേപ്പിംഗ് എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ആശുപത്രികള്‍ക്കും, ജിപികള്‍ക്ക് പുറത്തും പുകവലി നിരോധിക്കും. അതേസമയം പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വേപ്പിംഗ് ഉപയോഗിക്കാന്‍ അനുമതി തുടരും. പബ് ഗാര്‍ഡണ്‍, ബീച്ച്, പ്രൈവറ്റ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വിലക്കിന് ഇളവ് നല്‍കും.