
















വാടക കൊലയാളികളെ ഉപയോഗിച്ച് മുന്‍ ഭാര്യയെയും, അവരുടെ കുടുംബത്തെയും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രമിച്ച ഐടി കണ്‍സള്‍ട്ടന്റ് ബ്രിട്ടനില്‍ നിന്നും നാടുകടത്തല്‍ ഒഴിവാക്കാന്‍ പോരാട്ടത്തില്‍. ഒന്‍പത് അംഗ വാടക കൊലയാളി സംഘത്തെ ഈ ക്രൂരതയ്ക്കായി നിയോഗിക്കുകയും, കറിയില്‍ വിഷം കലര്‍ത്തുകയും ചെയ്ത പ്രതിയാണ് ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നത് ഒഴിവാക്കാന്‍ പോരാട്ടം നടത്തുന്നത്.
ബെര്‍ക്ഷയറിലെ ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനൊപ്പമാണ് 46-കാരന്‍ അജിത് കുമാര്‍ മുപ്പാരപ്പ് താമസിച്ച് വന്നിരുന്നത്. എന്നാല്‍ വിവാഹബന്ധം അഞ്ച് വര്‍ഷം കടന്നതിന് ശേഷം 2022-ല്‍ ഡോ. സിരിഷ വിവാഹമോചനത്തിന് കേസ് നല്‍കി. ഇതിന്റെ ദേഷ്യത്തിലാണ് അജിത് മുന്‍ ഭാര്യയെയും, ഇവരുടെ ഹൈദരാബാദിലുള്ള കുടുംബത്തെയും വകവരുത്താന്‍ വാടക കൊലയാളികളെ നിയോഗിച്ചത്.
2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ കാലയളവിലാണ് ഈ സംഭവങ്ങള്‍. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഡോ. സിരിഷയുടെ അമ്മ 60-കാരി ഉമാ മഹേശ്വരി കൊല്ലപ്പെട്ടിരുന്നു. സയന്‍സ് ടീച്ചറായ സഹോദരി സുരേഖ് മുപ്പാരപ്പിനൊപ്പം ചേര്‍ന്നാണ് അജിത്, മുന്‍ ഭാര്യയെയും, ഇവരുടെ സഹോദരന്‍ പുരേന്ദര്‍, ഇദ്ദേഹത്തിന്റെ ഭാര്യ ശശിരേഖ, പിതാവ് ഹനുമന്ദ റാവു എന്നിവരെ വധിക്കാന്‍ പദ്ധതിയൊരുക്കിയത്.
ഇന്ത്യയിലുള്ള ഭൂമിയുടെ പേരില്‍ ഭാര്യാപിതാവുമായി അജിത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. ഇന്ത്യയില്‍ അജിത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം ജനുവരി 17ന് മെയ്‌ഡെന്‍ഹെഡില്‍ അജിത്തിനെ നാടുകടത്തല്‍ വിഭാഗം അറസ്റ്റ് ചെയ്തത്. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഇയാള്‍ നാടുകടത്തലിനെ എതിര്‍ക്കുകയാണ്.