CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 10 Seconds Ago
Breaking Now

മേക്കര്‍ഫീല്‍ഡ് 'പരീക്ഷ' ജയിച്ചുകയറി ബേണ്‍ഹാം; ഇനി നോട്ടം സ്റ്റാര്‍മറുടെ പ്രധാനമന്ത്രി കസേര; അധികാരം കൈമാറാന്‍ ആവശ്യപ്പെട്ട് ലേബറില്‍ കലഹം തുടങ്ങി; സ്ഥാനം ഒഴിഞ്ഞ് നല്‍കുമോ സ്റ്റാര്‍മര്‍?

9000-ലേറെ വോട്ടുകള്‍ക്ക് താന്‍ വിജയിച്ചത് ഒരു വഴിത്തിരിവാകുമെന്ന് വിജയപ്രസംഗത്തില്‍ ബേണ്‍ഹാം പ്രസ്താവിച്ചത് സ്റ്റാര്‍മര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്

കീര്‍ സ്റ്റാര്‍മര്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള ജൈത്രയാത്രക്ക് തുടക്കം കുറിച്ച് ആന്‍ഡി ബേണ്‍ഹാം. മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ച് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ക്ക് കൈപിടിച്ച് വോട്ടര്‍മാര്‍. തങ്ങളുടെ പുതിയ എംപിയായി ബേണ്‍ഹാമിനെ തെരഞ്ഞെടുത്ത മേക്കര്‍ഫീല്‍ഡ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത പദവിയിലേക്ക് എത്താനുള്ള വഴി കൂടിയാണ് ഒരുക്കി നല്‍കുന്നത്. 

9 വര്‍ഷമായി ഹൗസ് ഓഫ് കോമണ്‍സിന്റെ പടിചവിട്ടാന്‍ പറ്റാതെ പോയ ബേണ്‍ഹാം ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വരുന്നത് പ്രധാനമന്ത്രി കസേര ലക്ഷ്യമാക്കിയാണ്. ലേബര്‍ നേതൃപോരാട്ടത്തില്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കുമെന്ന് ബേണ്‍ഹാം നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. അടുത്ത ആഴ്ച പാര്‍ലമെന്റ് പ്രവേശനം ഔദ്യോഗികമായി നടക്കുന്നതോടെ ഈ യുദ്ധത്തിനും തുടക്കമാകും. 

ലേബര്‍ പാര്‍ട്ടിയെ ആഭ്യന്തര കലഹത്തിലേക്ക് തള്ളിവിടുന്നതാണ് ഈ വിജയമെന്നതും പ്രസക്തമാണ്. കീര്‍ സ്റ്റാര്‍മര്‍ സ്ഥാനം ഒഴിയണമെന്ന് സമ്മര്‍ദമുണ്ടെങ്കിലും ഭൂരിപക്ഷം എംപിമാരുടെ അംഗീകാരമുള്ള മറ്റൊരു നേതാവില്ലെന്ന പോരായ്മ പരിഹരിക്കാനാണ് ബേണ്‍ഹാം എത്തുന്നത്. നേതൃപോരാട്ടത്തിലേക്ക് പോകാതെ സമാധാനപരമായി സ്ഥാനമൊഴിഞ്ഞ് വഴിയൊരുക്കണമെന്ന് ബേണ്‍ഹാം അനുകൂലികള്‍ ആവശ്യപ്പെടുന്നു. 

ഒന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് താന്‍ വിജയിച്ചത് ഒരു വഴിത്തിരിവാകുമെന്ന് വിജയപ്രസംഗത്തില്‍ ബേണ്‍ഹാം പ്രസ്താവിച്ചത് സ്റ്റാര്‍മര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. 'എന്റെ സ്വന്തം പാര്‍ട്ടിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് മാറ്റത്തിനുള്ള അവസാന അവസരമാണെന്നാണ്. ഇതാണ് നൂറുകണക്കിന് ആളുകളുടെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടത്. അത് കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകണം. രണ്ടാമതൊരു അവസരം ഉണ്ടാകില്ല', ബേണ്‍ഹാം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.