
















ഛത്തീസ്ഗഡിലെ ബലോദ് ജില്ലയില്‍ കനത്ത മഴ നിര്‍ത്തിയത് ബുദ്ധദേവിനെയും മഹാദേവനെയും പ്രാര്‍ത്ഥിച്ചും നാരങ്ങ മുറിച്ചുമാണ് എന്ന ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. മഹ്താരി വന്ദന്‍ പദ്ധതി പ്രകാരം മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പങ്കെടുക്കാനെത്തിയ ചടങ്ങിലായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം.
ദൗണ്ടിലോഹാരയില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തിനിടയിലാണ് കാംകേര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായ ഭോജ്രാജ് നാഗ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. മോശം കാലാവസ്ഥയും കനത്ത മഴയും കാരണം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ മഹാദേവനോടും ബുദ്ധദേവിനോടും പ്രാര്‍ത്ഥിച്ച് ഒരു നാരങ്ങ മുറിച്ചാണ് മഴ നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരിപാടി വിജയകരമായി പൂര്‍ത്തിയായെന്നും വേണമെങ്കില്‍ ഇനി മഴ പെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിയുടെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എംപിയുടെ അവകാശവാദത്തെ പരിഹസിച്ച് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് രംഗത്തെത്തി. അന്ധവിശ്വാസവും തെറ്റായ വിവരങ്ങളുമാണ് എംപി പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'ഒരു നാരങ്ങ മുറിച്ചാല്‍ മഴ നിര്‍ത്താന്‍ കഴിയുമെങ്കില്‍, പഞ്ചസാരയുടെ വിലയും പണപ്പെരുപ്പവും കുറയ്ക്കാന്‍ അദ്ദേഹം അതൊന്ന് പരീക്ഷിച്ചു നോക്കണം' എന്ന് ബൈജ് പരിഹസിച്ചു. ഇന്ധന വിലയും വൈദ്യുതി ബില്ലുകളും ഗാര്‍ഹിക ചെലവുകളും കുറയ്ക്കാന്‍ ഇതേ വിദ്യ ഉപയോഗിക്കാമോ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചോദിക്കുന്നുണ്ട്. പൊതുവേദികളില്‍ ആചാരങ്ങളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും നാഗ് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇതിനുമുമ്പും ചര്‍ച്ചയായിട്ടുണ്ട്.