
















ബ്രിട്ടന് ഉപകാരമുള്ള കുടിയേറ്റക്കാര്‍ വരുന്നത് തടയാനാണ് രാഷ്ട്രീയക്കാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണക്കിലെ കളികള്‍ കൊണ്ട് ജനങ്ങളുടെ കണ്ണുമൂടുക മാത്രമാണ് ഇതിലൂടെ പലപ്പോഴും ലക്ഷ്യമാക്കുന്നത്. ബ്രിട്ടന് ഹാനികരമാകുന്ന വിധത്തില്‍ ചാനല്‍ കുടിയേറ്റവും, ഇല്ലാത്ത സ്‌കീമിന്റെ പേരില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഇവിടേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്നതൊന്നും ഹോം ഓഫീസിന്റെ കണ്ണില്‍ പെടുന്നില്ല.
അഞ്ച് വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ പോസ്റ്റ്-ബ്രക്‌സിറ്റ് വിസാ സ്‌കീമിലൂടെ ആയിരക്കണക്കിന് യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ബ്രിട്ടനില്‍ ചുവടുറപ്പിച്ചത്. കാലാവധി കഴിഞ്ഞിട്ടും വര്‍ഷങ്ങളായി സ്‌കീമിലൂടെ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ഉടന്‍ ഇടപെടണമെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിനോട് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
2020 ഡിസംബറില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ചതിന് ശേഷം ഇയു പൗരന്‍മാര്‍ക്ക് ഇവിടെ താമസിക്കാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണ് ഇയു സെറ്റില്‍മെന്റ് സ്‌കീം തയ്യാറാക്കിയത്. 2021 ജൂണ്‍ 30ന് ഇതിന്റെ കാലാവധി കഴിഞ്ഞതുമാണ്. എന്നാല്‍ ഇതിന് ശേഷവും ഹോം ഓഫീസ് വൈകിക്കിട്ടിയ അപേക്ഷകളെന്ന പേരില്‍ ഇത് തുടര്‍ന്നും സ്വീകരിച്ചു. ഇതോടെ കാലാവധി തീര്‍ന്ന് സ്‌കീമില്‍ 160,000 ഇയു കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ സെറ്റില്‍മെന്റ് പദവി നേടി. 54,000 കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പം രാജ്യത്ത് എത്തി.
കഴിഞ്ഞ 12 മാസത്തിനിടെ 66,000 പേര്‍ക്ക് ബ്രിട്ടീഷ് റസിഡന്‍സി തരപ്പെട്ടതും ഈ സ്‌കീം വഴിയാണ്. അപേക്ഷകള്‍ വിജയിക്കുന്നതോടെ ആനുകൂല്യങ്ങള്‍, കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടുവരാനുള്ള അവകാശം, സൗജന്യ എന്‍എച്ച്എസ് ഉപയോഗം എന്നിവയാണ് ലഭിക്കുന്നത്.
ഹോം ഓഫീസ് ഉറക്കത്തിലാണെന്ന് ഇത് വ്യക്തമാകുന്നതായി ടോറി എംപി ഒ'ബ്രയന്‍ പറഞ്ഞു. സെറ്റില്‍മെന്റ് നേടിയ യൂറോപ്യന്‍ പൗരന്‍മാരുടെ പങ്കാളികളെന്ന പേരില്‍ 50,000 വിസ കിട്ടിയത് ഇന്ത്യക്കാര്‍ക്കാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.