
















ബ്രിട്ടനിലെ ആയിരക്കണക്കിന് വിദേശ ജോലിക്കാര്‍ക്ക് ആശ്വാസമായി ഹോം സെക്രട്ടറിയുടെ നിലപാട് മാറ്റം. വിവാദ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാന്‍ താന്‍ തയ്യാറായേക്കുമെന്ന സൂചനയാണ് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിനെത്തിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് നല്‍കിയത്.
വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കണമെന്ന തന്റെ പദ്ധതി രൂക്ഷമായ വിമര്‍ശനം കേട്ടതായി മഹ്മൂദ് സമ്മതിച്ചു. വിഷയത്തില്‍ അന്തിമതീരുമാനം കുടിയേറ്റക്കാരോടും, ബ്രിട്ടീഷ് പൗരന്‍മാരോടും നീതി പുലര്‍ത്തുന്നതായിരിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.
ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ലേബര്‍ എംപിമാര്‍ പദ്ധതിയിലെ കടുത്ത നിബന്ധനകളോട് എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും കുടിയേറ്റക്കാര്‍ക്ക് എതിരായ കര്‍ശന നിലപാടുകളില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഹോം സെക്രട്ടറി ഇളവുകള്‍ നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സെറ്റില്‍മെന്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് അന്തിമതീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. പരിഷ്‌കാരങ്ങളില്‍ വെള്ളം ചേര്‍ക്കുമെന്ന് വ്യക്തമായതോടെ ഐഎല്‍ആര്‍ ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന തരത്തിലുള്ള ഭീഷണിയാണ് ഒഴിവാകുന്നത്.