
















വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു യുകെ ബേണ്‍ലിയില്‍ താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിലയില്‍ കുടുംബാംഗമായ അനില്‍ തോമസ് (56). എന്നാല്‍ ചികിത്സയ്ക്കിടെ ഉണ്ടായ ഇന്‍ഫെക്ഷന്‍ മൂലം അനില്‍ തോമസ് മരണമടയുകയായിരുന്നു.
മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഒരു മാസം മുമ്പാണ് അനില്‍ തോമസിന് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയ്ക്കിടെ വൃക്കയെ ഇന്‍ഫെക്ഷന്‍ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
ഭാര്യ ഹാഷ്‌ലി കുര്യന്‍ ബേണ്‍ലി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മകന്‍ ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വിദ്യാര്‍ത്ഥിയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഫെയ്ത് ആണ് മകള്‍. മാഞ്ചസ്റ്ററില്‍ ഹെവന്‍ലിഫീസ്റ്റ് ചര്‍ച്ച് അംഗളാണ് അനിലിന്റെ കുടുംബം. ബേണ്‍ലി പെന്‍ഡില്‍ മലയാളി അസോസിയേഷന്‍ അംഗമായിരുന്ന അനില്‍ തോമസിന്റെ അപ്രതീക്ഷിത വിയോഗം ബേണ്‍ലിയിലെ മലയാളി സമൂഹത്തിനും തീരാവേദനയായി. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.