CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 15 Seconds Ago
Breaking Now

കോവിഡ് വന്നതോടെ ജോലി മാത്രം ചെയ്തുള്ള ജീവിതം നിര്‍ത്തി, ട്രക്ക് ഡ്രൈവര്‍ ജോലി നിര്‍ത്തി കുടുംബത്തിനൊപ്പം വീടു വിറ്റ് ലോകം ചുറ്റാനിറങ്ങി ; ആഴ്ചയില്‍ ഓണ്‍ലൈന്‍ ബിസിനസിലൂടെ ആയിരം പൗണ്ടുവരെ വരുമാനം ഉണ്ടെന്നും കുടുംബം

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച ആ കാലയളവില്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നും തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അസുഖാവധി എടുക്കാതെ ആഴ്ചയില്‍ 50 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന മുന്‍ ട്രക്ക് ഡ്രൈവര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം യൂറോപ്പ് ചുറ്റുകയാണ്. 47കാരനായ ലീ ബോഡല്‍ കുടുംബത്തോടൊപ്പം റെയില്‍ യാത്ര നടത്തുന്നതിനൊപ്പം ആഴ്ചയില്‍ വെറും 10 മണിക്കൂര്‍ ജോലി ചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്.കോവിഡ് കാലത്ത് 10 ആഴ്ച വീട്ടിലിരിക്കേണ്ടിവന്നതാണ് ജീവിതം മാറ്റിമറിക്കാന്‍ കാരണമായതെന്ന് ലീ പറയുന്നു. മുമ്പ് ജോലിക്ക് അടിമപ്പെട്ടിരുന്ന തനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച ആ കാലയളവില്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നും തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2026 ജൂലൈയില്‍ വീടും വീട്ടുപകരണങ്ങളും കാറുകളുമടക്കം ഭൂരിഭാഗം സാധനങ്ങളും വിറ്റ കുടുംബം സെപ്റ്റംബറില്‍ പാരീസിലേക്കാണ് യാത്ര ആരംഭിച്ചത്. പങ്കാളി എയ്മി ബെഡ്ഫോര്‍ഡിനും 10, 9 വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ഇതിനകം മൂന്ന് ആഴ്ചയ്ക്കിടെ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

 

ഏകദേശം 1,800 പൗണ്ട് ചെലവഴിച്ച് 60 ദിവസത്തെ ഫസ്റ്റ് ക്ലാസ് റെയില്‍ പാസുകളാണ് കുടുംബം സ്വന്തമാക്കിയത്. നവംബറില്‍ പാസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. തുടര്‍ന്ന് ക്രിസ്മസും പുതുവത്സരവും തായ്ലന്‍ഡില്‍ ആഘോഷിക്കാനും കുടുംബം ലക്ഷ്യമിടുന്നു.

മൊബൈല്‍ ഹോമുകള്‍ക്കുള്ള സോളാര്‍ പാനലുകള്‍ ഇബേയിലൂടെയും സ്വന്തം ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും വില്‍ക്കുകയാണ് ലീ ഇപ്പോള്‍ ചെയ്യുന്നത്. ആഴ്ചയില്‍ ഏകദേശം 10 മണിക്കൂര്‍ മാത്രം ഇതിനായി ചെലവഴിക്കുന്ന അദ്ദേഹം ആഴ്ചയില്‍ 500 മുതല്‍ 1,000 പൗണ്ട് വരെ വരുമാനം നേടുന്നതായി പറയുന്നു.

യാത്ര ആരംഭിച്ചതിന് ശേഷം ഇതുവരെ ഏകദേശം 6,000 പൗണ്ട് ചെലവായെന്നാണ് കുടുംബത്തിന്റെ കണക്ക്. തെക്കുകിഴക്കന്‍ ഏഷ്യയിലെത്തിയ ശേഷം പ്രതിമാസം ഏകദേശം 1,500-2,000 പൗണ്ട് ബജറ്റില്‍ ജീവിക്കാനാണ് പദ്ധതിയെന്നും കുടുംബം പറയുന്നു.

നാല് കിടപ്പുമുറികളുള്ള വീട് 2026 ജൂലൈയില്‍ 3.3 ലക്ഷം പൗണ്ടിനാണ് വിറ്റത്. ഇതില്‍ നിന്ന് ഏകദേശം 1.4 ലക്ഷം പൗണ്ട് ഇക്വിറ്റിയായി ലഭിച്ചു. അതില്‍ ഒരു ഭാഗം യാത്രയ്ക്കായി മാറ്റിവച്ചപ്പോള്‍ ബാക്കിയുള്ള തുക നിക്ഷേപിച്ചിരിക്കുകയാണ്.

മക്കളായ മാറ്റില്‍ഡ-മേയും മിലയും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. യാത്രയിലൂടെ പഠിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. വിവിധ രാജ്യങ്ങളും സംസ്‌കാരങ്ങളും നേരിട്ട് പരിചയപ്പെടുന്നത് കുട്ടികളില്‍ കൂടുതല്‍ കൗതുകം സൃഷ്ടിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്നും എയ്മി പറഞ്ഞു.

പാരീസില്‍ നിന്ന് യാത്ര ആരംഭിച്ച കുടുംബം നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, ഇറ്റലി എന്നിവിടങ്ങളിലും ഇതിനകം എത്തിയിട്ടുണ്ട്.

''ജീവിക്കുകയല്ല, വെറുതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് തോന്നിയപ്പോഴാണ് മാറ്റത്തിന് തീരുമാനിച്ചത്'' എന്നാണ് ദമ്പതികള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.