
















ബ്രിട്ടന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സമ്മര്‍ദത്തില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നു. ഒരു മാസം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ രോഗികളുടെ കാത്തിരിപ്പ് 13 ശതമാനമാണ് വര്‍ദ്ധിച്ചത്. ഓരോ ദിവസവും 1686 പേര്‍ കാത്തിരിക്കുന്ന നിലയിലാണ് ഇത്.
സെപ്റ്റംബറില്‍ എ&ഇയിലേക്ക് അഡ്മിഷന്‍, ട്രാന്‍സ്ഫര്‍, ഡിസ്ചാര്‍ജ്ജ് എന്നിവ ലഭിക്കാന്‍ ഇംഗ്ലണ്ടില്‍ 50,582 രോഗികള്‍ പകുതി ദിവസം കാത്തിരുന്നതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്റര്‍ വരാന്‍ ഇരിക്കവെ കണക്കുകളിലെ ഈ വര്‍ദ്ധന അപായസൂചനയായി കാണണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മെഡിക്കല്‍ ജീവനക്കാര്‍ വന്‍തോതില്‍ കൊവിഡ്, ഫ്‌ളൂ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന തിരക്കിലാണ്. എ&ഇ പെര്‍ഫോമന്‍സ് ഡാറ്റ പ്രകാരം ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സെപ്റ്റംബര്‍ മാസമാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും നേരിട്ടത്. 2.44 മില്ല്യണ്‍ ജനങ്ങള്‍ കഴിഞ്ഞ മാസം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഒഴുകിയെത്തി.
ഇതില്‍ 74.4 ശതമാനം പേരെയും നാല് മണിക്കൂറിനുള്ളില്‍ എ&ഇകള്‍ കണ്ടു. നാല് മണിക്കൂറിലേറെ അഡ്മിഷനായി കാത്തിരുന്നവരുടെ എണ്ണം 129,199 ആയി ഉയര്‍ന്നു. എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം 95 ശതമാനം രോഗികളെയും എ&ഇയിലെത്തി നാല് മണിക്കൂറിനകം കണ്ടിരിക്കണം. 2015 മുതല്‍ ഈ ലക്ഷ്യം നേടാന്‍ എന്‍എച്ച്എസിന് സാധിക്കുന്നില്ല.