CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 23 Seconds Ago
Breaking Now

യുകെയില്‍ യുക്മയുമായി സഹകരിച്ച് 'മിനി ഐ.എഫ്.എഫ്.കെ' സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു

ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയില്‍ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സര്‍ക്കാരിന്റെ ഏകോപനത്തില്‍ യുകെയില്‍ ഓണാഘോഷം

ചെല്‍റ്റന്‍ഹാം, നവംബര്‍ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala - IFFK) മാതൃകയില്‍ യുകെയില്‍ 'മിനി ഐ.എഫ്.എഫ്.കെ' സംഘടിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് കേരള സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനില്‍ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച സലിംകുമാര്‍ നഗറില്‍ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് യുകെയിലെ മലയാളി സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയത്. കേരളാ സര്‍ക്കാര്‍ യുക്മയുമായി ചേര്‍ന്ന് നിരവധി സാംസ്‌കാരിക പരിപാടികള്‍ യുകെയില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കലാമേളയുടെ ഉദ്ഘാടന സദസില്‍ തിങ്ങിനിറഞ്ഞ കാണികളെ അറിയിച്ചു.

യുകെയില്‍ മലയാള സിനിമയുടെയും ലോകസിനിമയുടെയും മികച്ച സൃഷ്ടികള്‍ പരിചയപ്പെടുത്താനും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന മിനി ഐ.എഫ്.എഫ്.കെ. പദ്ധതി, കേരളവും ബ്രിട്ടനിലെ മലയാളി സമൂഹവും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തില്‍ പുതിയൊരു അധ്യായത്തിന് വഴിയൊരുക്കും.

യുക്മ ദേശീയ കലാമേള ലോക പ്രവാസി മലയാളികള്‍ക്ക് മാതൃകയെന്ന് മന്ത്രി

കേരളത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും ബ്രിട്ടനിലെ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പി. സി. വിഷ്ണുനാഥ് പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ, ബ്രിട്ടന്റെ മണ്ണില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും സംഗീതവും നൃത്തവും സാഹിത്യവും ആഘോഷിക്കുന്നതിനും അവയ്ക്ക് വലിയൊരു മത്സരവേദി ഒരുക്കുന്നതിനും യുക്മ കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

യുക്മ ദേശീയ കലാമേള യുകെയിലെ മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവാസി മലയാളി സംഘടനകള്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തം ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

 

ഏഴ് റീജിയണുകളില്‍നിന്നായി നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന ദേശീയ കലാമേളയുടെ സംഘാടക മികവും കലാപ്രതിഭകളുടെ പങ്കാളിത്തവും പ്രത്യേകം പ്രശംസിച്ച മന്ത്രി, ഇത്തരം കലാസാംസ്‌കാരിക കൂട്ടായ്മകള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രചോദനമാകണമെന്നും അഭിപ്രായപ്പെട്ടു.

 

അടുത്ത ഓണക്കാലത്ത് കേരള സര്‍ക്കാരിന്റെ ഏകോപനത്തില്‍ യുകെയില്‍ വിപുലമായ ഓണാഘോഷം

 

യുകെയിലെ മലയാളികള്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു പ്രഖ്യാപനവും മന്ത്രി നടത്തി.

2027ലെ ഓണക്കാലത്ത് കേരള സര്‍ക്കാരിന്റെ ഏകോപനത്തോടെ യുകെയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ പ്രവാസലോകത്തും കൂടുതല്‍ വിപുലമായ രീതിയില്‍ ആഘോഷിക്കുന്നതിനും കേരളീയ കലാരൂപങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം യുകെയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്നതായി.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ കേരള ടൂറിസത്തിന്റെ അംബാസഡര്‍മാരാകണം

കേരളത്തിന്റെ ടൂറിസം മേഖലയെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ഓരോ പ്രവാസി മലയാളിയെയും കേരളത്തിന്റെ ടൂറിസം അംബാസഡറായി മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യം, പൈതൃകം, കല, സംസ്‌കാരം, ആയുര്‍വേദം, ഭക്ഷണവൈവിധ്യം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെ ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരള ടൂറിസത്തിന്റെ ആഗോള പ്രചാരണം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളി സമൂഹത്തിന്റെ സഹകരണം പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ യുക്മ പോലുള്ള സംഘടനകളുടെ പങ്കാളിത്തം ഏറെ പ്രാധാന്യമുള്ളതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നിലവിളക്ക് കൊളുത്തി പതിനേഴാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ചെയ്തു

യുകെ മലയാളികളുടെ ഏറ്റവും വലിയ കലാസാംസ്‌കാരിക സംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള മന്ത്രി പി. സി. വിഷ്ണുനാഥ് പരമ്പരാഗത നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് 12.30ന് കലാമേള വേദിയിലെത്തിയ മന്ത്രിയെയും സെലിബ്രിറ്റി അതിഥിയായ യുവഗായിക സൗപര്‍ണിക നായരെയും യുക്മ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ച് പ്രധാന വേദിയിലേക്ക് ആനയിച്ചു.

യുക്മ ദേശീയ കലാമേള കണ്‍വീനറും ദേശീയ വൈസ് പ്രസിഡന്റുമായ വര്‍ഗീസ് ഡാനിയല്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടര്‍ന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ഏവരേയും സ്വാഗതം ചെയ്യുകയും,

തുടര്‍ന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അധ്യക്ഷപ്രസംഗവും നടത്തി.

കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ ബ്രിട്ടന്റെ മണ്ണില്‍ മലയാളത്തിന്റെ കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ യുക്മ ദേശീയ കലാമേള വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം അധ്യക്ഷപ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

യുകെയിലെ ഏഴ് റീജിയണുകളില്‍നിന്ന് ദേശീയ വേദിയിലേക്ക് എത്തുന്ന നൂറുകണക്കിന് കലാപ്രതിഭകളുടെ പരിശ്രമവും അവരുടെ കഴിവുകള്‍ക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും സമര്‍പ്പണവും കലാമേളയുടെ യഥാര്‍ത്ഥ കരുത്താണെന്ന സന്ദേശവും അധ്യക്ഷപ്രസംഗത്തില്‍ ഉയര്‍ന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ നിലവിളക്ക് കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്ത മന്ത്രി, യുക്മയുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം യുകെയിലെ മലയാളി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന മിനി ഐ.എഫ്.എഫ്.കെ., ഓണാഘോഷം, ടൂറിസം പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും നടത്തി.

സൗപര്‍ണിക നായരുടെ മധുരഗാനം ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി

ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020ലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ യുവഗായിക സൗപര്‍ണിക നായരുടെ മനോഹരമായ ഗാനാലാപനം ഉദ്ഘാടനച്ചടങ്ങിലെ ശ്രദ്ധേയമായ മുഹൂര്‍ത്തമായി.

സെലിബ്രിറ്റി അതിഥിയായി പങ്കെടുത്ത സൗപര്‍ണിക നായര്‍ തന്റെ സംഗീതപ്രതിഭയിലൂടെ സദസ്സിന് ഹൃദ്യമായ അനുഭവം സമ്മാനിച്ചു.

ചെറുപ്രായത്തില്‍ത്തന്നെ ലോകസംഗീതവേദികളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സൗപര്‍ണികയുടെ സാന്നിധ്യം ദേശീയ കലാമേളയില്‍ പങ്കെടുക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്കും യുവകലാപ്രതിഭകള്‍ക്കും പ്രചോദനമായി.

തുടര്‍ന്ന് യുക്മ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗീസ് നന്ദിപ്രകാശനം നടത്തി. വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ഔദ്യോഗിക ഫോട്ടോഗ്രാഫി സെഷനും നടന്നു.

ഏഴ് റീജിയണുകള്‍, 750 ഓളം മത്സരാര്‍ത്ഥികള്‍, 45 മത്സരയിനങ്ങള്‍

കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ യുകെയിലെ ഏഴ് റീജിയണുകളില്‍നിന്നായി ഏകദേശം 750 മത്സരാര്‍ത്ഥികളാണ് അഞ്ച് പ്രായവിഭാഗങ്ങളിലായി 45 മത്സരയിനങ്ങളില്‍ ഏഴ് വേദികളില്‍ മാറ്റുരച്ചത്.

കിഡ്‌സ്, സബ് ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, സൂപ്പര്‍ സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ കേരളത്തിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ചെല്‍റ്റന്‍ഹാം ദേശീയ കലാമേളയ്ക്ക് വേദിയായത്.

ദശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ്, കലാമേള കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ സമിതിയും റീജിയണല്‍ നേതൃത്വവും വിവിധ അസോസിയേഷനുകളും വോളണ്ടിയര്‍മാരും ചേര്‍ന്നാണ് കലാമേളയുടെ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയത്.

കലാമേളയുടെ ടൈറ്റില്‍ സ്‌പോണ്‍സറായ ലൈഫ്ലൈന്‍ പ്രൊട്ടക്ട്, കോ-സ്‌പോണ്‍സറായ കാര്‍ഗോഫോഴ്‌സ് എന്നിവരുടെയും മറ്റ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണ പരിപാടിയുടെ വിജയത്തിന് കരുത്തായി.

കേരളവും യുകെ മലയാളികളും തമ്മിലുള്ള സാംസ്‌കാരിക സഹകരണത്തിന് പുതിയ സാധ്യതകള്‍

യുകെയില്‍ മിനി ഐ.എഫ്.എഫ്.കെ., കേരള സര്‍ക്കാരിന്റെ ഏകോപനത്തില്‍ ഓണാഘോഷം, പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ ആഗോള അംബാസഡര്‍മാരാക്കുന്ന പദ്ധതികള്‍ - മന്ത്രി പി. സി. വിഷ്ണുനാഥ് നടത്തിയ ഈ മൂന്ന് പ്രധാന പ്രഖ്യാപനങ്ങളും കേരളവും ബ്രിട്ടനിലെ മലയാളി സമൂഹവും തമ്മിലുള്ള സാംസ്‌കാരിക, വിനോദസഞ്ചാര സഹകരണത്തിന് പുതിയ സാധ്യതകളാണ് തുറന്നിടുന്നത്.

പ്രവാസലോകത്ത് മലയാളത്തിന്റെ കലാസാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ സഹകരണം കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയാണ് ഈ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തുന്നത്.

യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയില്‍നിന്ന് ഉയര്‍ന്ന മിനി ഐ.എഫ്.എഫ്.കെ. പ്രഖ്യാപനം, ബ്രിട്ടനിലെ മലയാളി സമൂഹത്തിനും സിനിമാപ്രേമികള്‍ക്കും ഒരുപോലെ ആവേശകരമായ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

കേരളത്തിന്റെ കലയും സിനിമയും സംസ്‌കാരവും ലോകവേദികളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതില്‍ യുക്മയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കാണ് ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗര്‍ സാക്ഷ്യം വഹിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരും മറ്റ് ദേശീയ സമിതി അംഗങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു.

പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് ഡോ. ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ്ജ്, മനോജ് പിള്ള, അലക്‌സ് വര്‍ഗീസ്, സുജു ജോസഫ്, ഡിക്‌സ് ജോര്‍ജ്ജ്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ഷാജി തോമസ് വരാക്കുടി, ജോഷി തോമസ്, ബെന്നി അഗസ്റ്റിന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്‌സണ്‍ തോമസ്, രാജേഷ് രാജ്, ജോബി പുതുക്കുളങ്ങര, ജോര്‍ജ്ജ് തോമസ്, ജോബിന്‍ ജോര്‍ജ്ജ്, ജെയ്‌സണ്‍ ചാക്കോച്ചന്‍, അമ്പിളി സെബാസ്റ്റ്യന്‍, ജോസ് വര്‍ഗ്ഗീസ്, എബ്രഹാം പൊന്നുംപുരയിടം, ജോബി തോമസ്, ഭുവനേഷ് പീതാംബരന്‍, സാംസണ്‍ പോള്‍, ലൂയിസ് മേനാച്ചേരി, സനോജ് വര്‍ഗ്ഗീസ്, അജു തോമസ്, തേജു മാത്യൂസ്, ബേബി വര്‍ഗ്ഗീസ്, ടോംബില്‍ കണ്ണത്ത്, പോള്‍ ജോസഫ്,  ഷിന്റോ സ്‌കറിയ, ഡോ.ശീതള്‍ മാര്‍ക്ക്, ജോസഫ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ. & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.