
















കേരളത്തെ നടുക്കിയ കരുവാറ്റ വയോധിക കൊലപാതകക്കേസില്‍ ഹരിപ്പാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെട്ട ശിവന്‍കുട്ടി ചെട്ടിയാരുടെ 13 വയസ്സുകാരിയായ കൊച്ചുമകള്‍ ഉള്‍പ്പെടെ നാല് കൗമാരക്കാരാണ് കേസിലെ പ്രതികള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച 740 പേജുള്ള കുറ്റപത്രത്തില്‍ ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന്റെ വിശദാംശങ്ങളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 15നായിരുന്നു കരുവാറ്റയിലെ വീട്ടില്‍ 67കാരനായ ശിവന്‍കുട്ടി ചെട്ടിയാര്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു പദ്ധതി. പെണ്‍കുട്ടിക്ക് ഐഫോണും സുഹൃത്തിന് ആഡംബര ബൈക്കും വാങ്ങാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മോഷണശ്രമം മുത്തച്ഛന്‍ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് കൗമാരക്കാരെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടപ്പാക്കിയത്. വീട്ടിലെത്തിയ സംഘം വയോധികന്റെ മുഖത്ത് കിടക്കവിരി അമര്‍ത്തി ബോധരഹിതനാക്കിയ ശേഷം കൈകാലുകള്‍ ബന്ധിക്കുകയും കഴുത്തിലും തലയിലും ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി വിഡിയോ കോളിലൂടെ വീടിനുള്ളിലെ അലമാര കാണിച്ചുകൊടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു.
87 സാക്ഷികള്‍, 98 രേഖകള്‍, 12 തൊണ്ടിമുതലുകള്‍ എന്നിവയാണ് കുറ്റപത്രത്തിലുള്ളത്. പ്രതികള്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതും കൊലപാതകത്തിന് ശേഷം മടങ്ങുന്നതും ഉള്‍പ്പെടെയുള്ള ആറ് സിസിടിവി ദൃശ്യങ്ങളും നിര്‍ണായക തെളിവുകളാണ്. 16 വയസ്സ് പൂര്‍ത്തിയായ മൂന്ന് ആണ്‍കുട്ടികളെയും മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവും പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്