
















തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പ്രതിയായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിദേശത്തേക്ക് കടന്നതായി സംശയം. ഡോക്ടര്‍ക്കായി പൊലീസ് ശനിയാഴ്ച തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ ബ്ലാക്ക്മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടര്‍. നടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡോക്ടറുടെ ഫോണില്‍ നിന്ന് 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
ബ്ലാക്ക്മെയിലിങ് കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടന്‍ ബിബിന്‍ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ ഇന്ന് കടവന്ത്ര പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, ഡോക്ടറുടെ കൈയില്‍നിന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ പീഡനത്തിന് ഇരയായ സ്ത്രീയുടെ കൈവശമെത്തിയ സംഭവവും അന്വേഷണ പരിധിയിലാണ്. ഇവരാണ് ഫോണ്‍ പൊലീസിന് കൈമാറിയത്. ഫോണ്‍ എങ്ങനെ ഇവരുടെ കൈവശമെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കടവന്ത്ര പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഈ ഫോണ്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ യുവതി പരാതി നല്‍കിയത്.