
















പാങ്ങപ്പാറയില്‍ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഉമറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് താന്‍ എത്തിയിട്ടില്ലെന്നും അഭിറാമിനെ അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച ഉമര്‍, ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിയാക്കിയതെന്നും പറഞ്ഞു. തെളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരഞ്ഞു. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രതികരണമെന്നാണ് വിലയിരുത്തല്‍. കൊലപാതകത്തിന് പിന്നാലെ ഒന്നാം പ്രതിയായ 17കാരനും ഉമറും കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അന്വേഷണം വഴിതെറ്റിക്കുന്ന തരത്തില്‍ തുടക്കം മുതല്‍ പ്രതികള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിലെ നിര്‍ണായക തെളിവായ അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന കാര്യത്തിലും ഇരുവരുടെയും മൊഴികള്‍ വ്യത്യസ്തമാണ്. കൊലപാതകത്തിന് ശേഷം ഫോണ്‍ സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു 17കാരന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂബ സംഘം പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. എന്നാല്‍, ഇന്നലെ ചോദ്യം ചെയ്യലിനിടെ ഉമര്‍ നല്‍കിയ മൊഴി ഫോണ്‍ സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ചെന്നാണ്.
മൊബൈല്‍ ഫോണിലൂടെ ചാറ്റ് ചെയ്ത് അഭിറാമിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. അതിനാല്‍ ഫോണ്‍ കണ്ടെത്തുന്നത് കേസില്‍ നിര്‍ണായകമാകും. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ബെല്‍റ്റും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊല്ലപ്പെടുമ്പോള്‍ അഭിറാം ധരിച്ചിരുന്ന വസ്ത്രങ്ങള്‍, വാച്ച്, ഷൂസ് എന്നിവ എവിടെയാണെന്ന കാര്യത്തിലും പ്രതികള്‍ വ്യക്തമായ മൊഴി നല്‍കുന്നില്ല.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉമറിനെ കൊലപാതകം നടന്ന ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.