
















കൊച്ചിയിലെ ഡോക്ടര്‍ക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ ഒട്ടേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഡോക്ടറുടെ മൊബൈല്‍ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി.
യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്(41) ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്‌തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടര്‍ക്കെതിരേ പീഡനപരാതി നല്‍കിയത്. ഇതോടെ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.
യുവനടിയും കൂട്ടാളികളും ബന്ധുവിന് ചികിത്സ നല്‍കണമെന്ന പേരില്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചെന്നും ഫോണുകളും സ്മാര്‍ട് വാച്ചു ഇയര്‍പോഡും കവര്‍ന്നെന്നുമായിരുന്നു ഡോക്ടര്‍ ആദ്യം നല്‍കിയ പരാതി. ഈ പരാതിയില്‍ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ ആകെ 12 പ്രതികളാണുള്ളത്. സംഭവം ഹണിട്രാപ്പ് ആണോ ബ്ലാക്ക്‌മെയിലിങ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍, ബന്ധുവായ സ്ത്രീയുമായി ഡോക്ടര്‍ക്കുണ്ടായിരുന്ന അടുപ്പവും ഇതേച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നായിരുന്നു യുവനടിയുടെ മൊഴി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്നും നടിയും മറ്റുപ്രതികളും പൊലീസിനോട് പറഞ്ഞു. സ്വകാര്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോണ്‍ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ ഫോണുകളാണ് പ്രതികള്‍ പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ പരിശോധിച്ചതോടെയാണ് കൂടുതല്‍ യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ കണ്ടെത്തിയത്.