
















എനര്‍ജി ബില്ലുകള്‍ കുതിച്ചുയരാന്‍ ഇരിക്കവെ 20 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 100 പൗണ്ട് എനര്‍ജി പേയ്‌മെന്റ് നല്‍കാനായി കൗണ്‍സിലുകള്‍ ബന്ധപ്പെട്ട് തുടങ്ങുന്നു. യുകെയിലേക്ക് ശൈത്യകാലം തേടിയെത്തുമ്പോഴാണ് എനര്‍ജി പേയ്‌മെന്റുകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ പേയ്‌മെന്റ് ലഭിക്കാന്‍ യോഗ്യതയില്ല.
കഴിഞ്ഞ മാസത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പേയ്‌മെന്റുകള്‍ ജനുവരി 4 മുതല്‍ നല്‍കിത്തുടങ്ങാനാണ് ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെടുക. കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള 20 മില്ല്യണ്‍ കുടുംബങ്ങള്‍ക്കാണ് ഇതിന് യോഗ്യത. ഇതില്‍ 13 മില്ല്യണ്‍ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം തേടിയെത്തും.
ഡയറക്ട് ഡെബിറ്റ് വഴി കൗണ്‍സില്‍ ടാക്‌സ് നല്‍കാത്ത ബാക്കിയുള്ള കുടുംബങ്ങളെ കൗണ്‍സിലുകള്‍ ബന്ധപ്പെടുകയും, തുക ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണോ അല്ലെങ്കില്‍ കൗണ്‍സില്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയില്‍ മതിയോയെന്നും അന്വേഷിച്ച ശേഷമാകും നടപടി വരിക. യോഗ്യരായ എല്ലാവര്‍ക്കും ജനുവരിയില്‍ തന്നെ പണം ലഭിക്കണമെന്നില്ലെന്ന് ചില കൗണ്‍സിലുകള്‍ മുന്നറിയിപ്പ് നല്‍കി.
കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് അറിയാത്തവര്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലോ, ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ പോസ്റ്റ്‌കോഡ് ചെക്കറോ ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കാം. അതേസമയം ജനുവരി 1ന് എനര്‍ജി ക്യാപ്പ് 26% വര്‍ദ്ധിച്ച് 2166 പൗണ്ടിലേക്ക് എത്തുമെന്നാണ് പ്രവചനം. ഇത് സംഭവിച്ചാല്‍ കുടുംബങ്ങളുടെ ശരാശരി ബില്ലില്‍ 443 പൗണ്ടാണ് വര്‍ദ്ധന വരിക. ഇത് 100 പൗണ്ട് എനര്‍ജി പേയ്‌മെന്റിന്റെ ഗുണവും ഇല്ലാതാക്കും.