
















യുകെയിലേക്ക് വിന്റര്‍ നേരത്തെ എത്തുന്നതിന്റെ സൂചനകള്‍ നല്‍കി താപനില. ജനുവരിക്ക് ശേഷം ആദ്യമായി ഏറ്റവും തണുപ്പേറിയ രാത്രിയാണ് രാജ്യത്തിന്റെ പല ഭാഗത്തും കണ്ടത്. ചില പ്രദേശങ്ങളില്‍ -10.6 സെല്‍ഷ്യസ് വരെ താപനില താഴ്ന്നു.
ഇതിനിടെ ഞായറാഴ്ച സൗത്ത് വെസ്റ്റ് മേഖലയിലെ പല ഭാഗത്തും മഴ പെയ്യുമെന്ന് ഉറപ്പായതോടെ ഇവിടെ മഞ്ഞ ജാഗ്രതയാണ്. എക്‌സ്റ്റര്‍, പ്ലൈമൗത്ത്, കോണ്‍വാള്‍ എന്നിങ്ങനെ പ്രദേശങ്ങളിലാണ് അലേര്‍ട്ട്. വെള്ളപ്പൊക്കത്തിനും, ഗതാഗത തടസ്സത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
തണുത്ത കാലാവസ്ഥയ്ക്കുള്ള ആരോഗ്യ മുന്നറിയിപ്പ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ചൊവ്വാഴ്ച രാവിലെ വരെ തുടരും. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ എന്നിവിടങ്ങളിലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നല്‍കുന്ന മഞ്ഞ ജാഗ്രത നിലവിലുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ കാലാവസ്ഥ ബുദ്ധിമുട്ടുള്ള സാഹചര്യമൊരുക്കും. ഇത് ഹെല്‍ത്ത് സര്‍വ്വീസില്‍ സമ്മര്‍ദമായി മാറുകയും ചെയ്യും. യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മഴ മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍ 20 മുതല്‍ 40 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സൗത്ത് ഡിവോണിലും, കോണ്‍വാളിലും 60 മുതല്‍ 80 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ട്.