Breaking Now

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ആസ്‌ഥാനം ജനുവരി മുതല്‍ കൊച്ചിയില്‍

കൊച്ചി: ഉയര്‍ന്ന വേതനം നല്‍കി കൂടുതല്‍ പൈലറ്റുമാരെ നിയമിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 187-ാമത്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.

 പൈലറ്റുമാരുടെ ക്ഷാമമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എണ്ണം വര്‍ധിപ്പിക്കാനും നല്ല ജോലിസാഹചര്യം സൃഷ്‌ടിക്കാനാവശ്യമായ നടപടി സ്വീകരിക്കും. നിലവിലുള്ള എല്ലാ പൈലറ്റുമാരെയും നിലനിര്‍ത്തും. കൂടുതല്‍പേരെ നിയമിക്കും.
എയര്‍ഇന്ത്യയുടെ ഭാഗമായിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ ഇനിമുതല്‍ സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കും. എയര്‍ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അഞ്ചുവര്‍ഷമായി ഡെപ്യൂട്ടേഷനിലാണ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ജോലി ചെയ്ുന്നയത്‌. അവര്‍ ഇനിമുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗമാകും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചെലവുകുറഞ്ഞ എയര്‍ക്രാഫ്‌റ്റായി എയര്‍ഇന്ത്യ എക്‌സ്പ്രസിനെ മാറ്റുകയാണു ലക്ഷ്യമെന്ന്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ അന്‍സ്‌ബര്‍ട്ട്‌ ഡിസൂസ, ഡെപ്യൂട്ടി സി.ഒ.ഒ. പുഷ്‌പീന്ദര്‍ സിംഗ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 250 വൈമാനികരെ ആവശ്യമുള്ളതില്‍ 190 പേരാണുള്ളത്‌. 60 പൈലറ്റുമാര്‍ പരിശീലനത്തിലും. 50 പുതിയ പൈലറ്റുമാരെ കൂടി നിയമിക്കുന്നതില്‍ 30 കമാന്‍ഡര്‍മാരും 20 കോ-പൈലറ്റുമാരും ഉണ്ടായിരിക്കും. ഇവര്‍ കൂടി എത്തുന്നതോടെ ആവശ്യത്തിനു പൈലറ്റുമാരാകും. ഇവരെ പരിശീലിപ്പിക്കാന്‍ 13 പരിശീലകര്‍ വേണം.
നാലുപേര്‍ നിലവിലുള്ളതു കൂടാതെ ഒമ്പതു വിദേശ വൈമാനിക പരിശീലകരെ കൂടി നിയമിക്കും. ഇവരുടെകീഴില്‍ നിലവിലുള്ള സീനിയര്‍ കമാന്‍ഡര്‍മാര്‍ക്കു പരിശീലകരാകാം. കോ- പൈലറ്റുമാര്‍ക്ക്‌ കമാന്‍ഡര്‍മാരും. ഇതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്‌ ആവശ്യത്തിനു പൈലറ്റുമാരാകും. പൈലറ്റ്‌ ക്ഷാമം മൂലം 21 വിമാനങ്ങളില്‍ 17 എണ്ണമേ സര്‍വീസ്‌ നടത്തുന്നുള്ളൂ.
ഇനിമുതല്‍ റിക്രൂട്ട്‌മെന്റ്‌ തുടര്‍പ്രക്രിയ ആയിരിക്കും. തൊഴിലാളികളുടെ വേതനം മെച്ചപ്പെടുത്തി മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും. വിമാന ഷെഡ്യൂളിന്റെ കാര്യക്ഷമതയും സമയകൃത്യതയും ഉറപ്പുവരുത്തും. വിമാനം വൈകുന്നതു മോശം പ്രതിച്‌ഛായ ഉണ്ടാക്കിയിട്ടുണ്ട്‌. വിമാനസമയം മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കും.
ഏജന്‍സികള്‍ വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവരെ അറിയിക്കലാണു പ്രയാസം. പലപ്പോഴും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴാണു വിമാനം വൈകിയത്‌ അറിയുന്നത്‌. അപ്രതീക്ഷിതമായി വിമാനത്തിനു സംഭവിക്കാറുള്ള അറ്റകുറ്റപ്പണിയാണു വൈകാന്‍ പ്രധാന കാരണം. കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ സര്‍വീസ്‌ വ്യാപിപ്പിക്കും. മൂന്നുവര്‍ഷത്തിനകം 14 പുതിയ വിമാനങ്ങള്‍ വാങ്ങും. ആവശ്യത്തിന്‌ പൈലറ്റുമാര്‍ ആകുന്നതോടെ ഗള്‍ഫിലേക്കു കൂടുതല്‍ സര്‍വീസ്‌ ഉദ്ദേശിക്കുന്നുണ്ട്‌.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്‌ഥാനം കൊച്ചിയില്‍ ജനുവരി ആദ്യവാരം പ്രവര്‍ത്തനം നടത്തും. വിവിധ വിഭാഗങ്ങളിലായി കൂടുതല്‍ ജീവനക്കാരെ നിയമിക്കും.
കസ്‌റ്റമര്‍ സര്‍വീസ്‌ യൂണിറ്റ്‌, എയര്‍പോര്‍ട്ട്‌ സര്‍വീസ്‌ ഗ്രൂപ്പ്‌ എന്നിവ കൊച്ചി ആസ്‌ഥാനത്തുണ്ടാകും.
ആദ്യപാദത്തില്‍ തന്നെ കേരളം അടിസ്‌ഥാനമായി കോള്‍സെന്ററും സ്‌ഥാപിക്കും. യോഗത്തില്‍ എയര്‍ഇന്ത്യ ചാര്‍ട്ടേഴ്‌സ് ലിമിറ്റഡ്‌ ചെയര്‍മാന്‍ രോഹിത്‌ നന്ദന്‍ അധ്യക്ഷനായിരുന്നു.
കേന്ദ്ര വ്യോമയാന ജോയിന്റ്‌ സെക്രട്ടറി രാജശേഖര റെഡി, എയര്‍ ചീഫ്‌ മാര്‍ഷല്‍ (റിട്ട.) ഫാലി മേജര്‍, എയര്‍ ഇന്ത്യ ഫിനാന്‍സ്‌ ഡയറക്‌ടര്‍ എസ്‌. വെങ്കിട്ട്‌, എയര്‍ഇന്ത്യ ഡയറക്‌ടര്‍ (എന്‍ജിനീയറിംഗ്‌) കെ.എം. ഉണ്ണി, ഡയറക്‌ടര്‍ (കൊമേഴ്‌സല്‍) ദീപക്‌ ബ്രാറ, ഡയറക്‌ടര്‍ (പേഴ്‌സണല്‍) അജയ്‌ ഠാക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍വാര്‍ത്തകള്‍.