CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 30 Seconds Ago
Breaking Now

യുക്മ നേഴ്സസ് ഫോറം പ്രഥമ ദേശീയ സമ്മേളനം ലിവർപൂളിൽ

യുകെ മലയാളീ നേഴ്സ്മാരുടെ ഔദ്യോഗിക പ്രയാണത്തിലെ ഒരു നാഴികക്കല്ലിനു നാന്ദി കുറിക്കപ്പെടുവാൻ പോവുകയാണ്. രണ്ടു വർഷങ്ങൾക്കപ്പുറം യുക്മ നേഴ്സ്സസ് ഫോറത്തിന് രൂപം നൽകിയിരുന്നതാണ് എങ്കിലും, പ്രവർത്തനങ്ങൾക്ക് അടിത്തറയിടുവാൻ കഴിഞ്ഞുവെങ്കിലും, ഉദ്ദേശിച്ചതുപോലെ മുൻപോട്ടുപോകുവാൻ സാധിച്ചില്ല എന്നത് അംഗീകരിക്കുന്നു. എന്നാൽ, കാലത്തിന്റെ തികവിൽ നമ്മുടെ നേഴ്സ്മാർ നാൾക്കുനാൾ നേരിടേണ്ടിവരുന്ന നാനാവിധ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുവാൻ യുക്മക്ക് സാധിക്കുകയില്ല. അവഗണനയുടെയും വംശീയ നെറികേടിന്റെയും ചൂഷണത്തിന്റെയും പീഡനത്തിന്റെയും നൂറുകണക്കിന് അവിശ്വസനീയമായ, വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് നാൾക്കുനാൾ കേൾക്കുന്നത്. 

ഒരിക്കൽ സുരക്ഷിതമെന്നു കരുതിയ തൊഴിൽ  മേഖലകൾ ഇന്ന് അസന്നിഗ്ദ്ധതയുടെയും വേവലാതികളുടെയും മേഖലകളായി ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെടലിന്റെയും കുതികാൽ വെട്ടിന്റെയും നടുവിൽ കിടന്ന് ചക്രശ്വാസം വലിക്കുന്ന എത്രയോ പേർ അറിഞ്ഞും അറിയാതെയും നമുക്കിടയിലുണ്ട്. ചെയ്യാത്ത കുറ്റത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ശിക്ഷിക്കപ്പെടുന്ന സംഭവങ്ങൾ, നിസ്സാര വീഴ്ചകൾ പർവ്വതീകരിച്ച് അജീവനാന്നന്ത ശിക്ഷ നൽകാൻ നടത്തുന്ന ശ്രമങ്ങൾ, വംശീയതയുടെ പേരിൽ പ്രമോഷനും മറ്റും നിഷേധിക്കുന്ന സന്ദർഭങ്ങൽ, വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ പരിഹസിക്കപ്പെടുന്നത്....ഇങ്ങനെ എത്രയെത്ര വേദനാജനകമായ അവസ്ഥകൾ.

സംരക്ഷിക്കേണ്ട തൊഴിലാളി സംഘടനകൾ പലപ്പോഴും നിർവികാരരും കാഴ്ച്ചക്കാരും, നമുക്കിടയിൽ നിന്ന് തന്നെയുള്ള കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടുത്തലുകൾ- ഈ പ്രവാസ സ്വപ്നം എത്രയോ പേർക്ക് ദു:സ്വപ്നങ്ങൾ ആകുന്നു. 

ഒരു എളിയ ശ്രമം - ഒന്ന് കേൾക്കാൻമാത്രം, സന്മനസ്സുകാണിക്കാൻ, ഒരു കൈത്താങ്ങ്‌ നൽകാൻ,  സമാശ്വസിപ്പിക്കലിന്റെയും സംരക്ഷണത്തിന്റെയും ഒരാശ്വാസം നൽകുവാൻ, പരിമിതികൾക്കുള്ളിൽ നിന്ന് ഒന്ന് പ്രതികരിക്കാൻ, സാധിക്കുന്നതു പോലെ നീതിയുക്തമായി ഇടപെടാൻ .. ലക്ഷ്യങ്ങൾ പലതാണ്, പൂർണ്ണമായും നിർവചിക്കപെട്ടിട്ടില്ലെങ്കിൽ പോലും... 

എന്തിലും ഏതിലും എന്നതു പോലെ ഈ സംരംഭത്തെ  എതിർത്തും ദുരന്തത്തിന്റെ പ്രവാചകർ എത്തിയെന്നു വരാം, അവരെയും ഉൾകൊള്ളുന്നു. ആർക്കറിയാം അവർക്കാവും നാളെ ഇതിന്റെയാവശ്യം ഉണ്ടാവുകയെന്ന്. 

ഒന്നും നഷ്ടപ്പെടാനില്ല, ഒന്ന് സംഘടിച്ചു നിന്നാൽ, കരുത്ത് തെളിയിക്കാൻ കഴിഞ്ഞാൽ, ചോദിക്കുവാനും പറയുവാനും ആളുണ്ടെന്ന് ഒരു തോന്നൽ വരുത്താൻ കഴിഞ്ഞാൽ, അതു തന്നെ ഒരു വലിയ കാര്യമാണ് ... 

ലാഭേച്ഛ കൂടാതെ,  സ്വാർത്ഥ താൽപര്യങ്ങൾക്ക്‌ ഒരിടം നൽകാതെ, ഉദ്ദേശശുദ്ധിയോടെ സംഘടിപ്പിക്കുന്ന ഈ പ്രതിരോധ മുന്നേറ്റത്തിലേക്ക് യുകെയിലെ മലയാളീ നഴ്സിംഗ് സമൂഹത്തെ ഒന്നടങ്കം സംഘടനാ മേൽവിലാസമോ, പരിമിതികളോ ഇല്ലാതെ വിനയപൂർവ്വം ക്ഷണിക്കുന്നു.

ഇതിൻറെ ആദ്യവേദി ഒരുക്കുന്നത് ലിവർപൂളിലാണ്‌. യുകെയിലെ  മലയാളീ നേഴ്സസിൻറെ പ്രഥമ കണ്‍വൻഷൻ ലിവർപൂളിൽ നടക്കുമ്പോൾ അതിന് ആതിഥേയത്വം വഹിക്കുന്നത് യുകെയിലാദ്യമായി മലയാളീ നേഴ്സ്മാർക്ക് വേണ്ടി നേഴ്സസ് ദിനാഘോഷവും തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച നേഴ്സ്മാർക്ക് പുരസ്കാരങ്ങളും പഠനശിബിരങ്ങളും ഒരുക്കിയ ലിംക എന്നറിയപ്പെടുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ആണെന്നത് ഈ പരിപാടിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. 

വേദിയുടെ വിലാസം : ബ്രോഡ്‌ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ, ഹീലിയേഴ്സ്‌ റോഡ്‌, ഓൾഡ്‌ സ്വാൻ, ലിവർപൂൾ L13 4DH

തിയതി : 2015 മെയ്‌ 2 

സമയം : രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ

മാർച്ച്‌ 31ന് യുക്മ യുഎൻഎഫ്‌ കോർഡിനേറ്റർ ശ്രീമതി ആൻസി ജോയിയുടെ നേതൃത്വത്തിൽ ലിവർപൂൾ ബ്രിടാനിയ അടൽഫി ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഇതിന്റെ സുഗമ നടത്തിപ്പിനായി ഒരു സ്വാഗതസംഘം രൂപികരിക്കുകയുണ്ടായി. സംഘാടക സമിതി ചെയർമാനായ യുക്മ പ്രസിഡന്റ് അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിലിന്റെ നേതൃത്വത്തിൽ വർക്കിംഗ്‌ ചെയർമാനായി ലിംക ചെയർപേഴ്സൻ ശ്രീ തോമസ്‌ ജോണ്‍ വാരികാട്ട്, യുക്മ ദേശീയ ഉപാധ്യക്ഷ ശ്രീമതി ആൻസി ജോയ് യുക്മ നേഴ്സ്സസ് ഫോറം കോർടിനേറ്റർ, വൈസ് ചെയർമാൻമാരായി ശ്രീമതി രേഖ കുര്യൻ, ശ്രീമതി മായ മാത്യു., ജനറൽ കണ്‍വീനർ ആയി ശ്രീ ബിജു പീറ്റർ, ജോയിന്റ് കണ്‍വീനറായി ശ്രീ എബ്രഹാം ജോസ് എന്നിവരും നേതൃത്വം നൽകുന്നതാണ്.

വിവിധ സബ് കമ്മിറ്റികളിലേക്ക് ഓരോ ചുമതലകൾ വഹിക്കുന്നതിനായി ഷീന മദൻമോഹൻ, അജിത്‌ ബാലചന്ദ്രൻ, ബെസ്സി തങ്കച്ചൻ,ടോജി ജോർജ്  ജിജോ ഉണ്ണി, വിനോദ് മാണി, സോബൻ ജോർജ്ജ്,  രാജേഷ്‌ തമ്പി, ജെസ്സി ജോണ്‍  ദേവലാൽ സഹദേവൻ, ബീന സെൻസ്, ടിൻറ്റസ് ദാസ്‌ ജയകുമാർ നായർ,ലിനു ജെയിംസ്‌ , ബിനു മാനുവേൽ, സാറ ബിനു, ആശ മാത്യു തുടങ്ങിയവരെയും തിരഞ്ഞെടുത്തു. 

ഒരു മഹാ സംരംഭത്തിന്റെ എളിയ തുടക്കത്തിലേക്ക് നിങ്ങളുടെ സജീവമായ പങ്കാളിത്തം ഞങ്ങളഭിലഷിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18നു മുൻപായി രജിസ്ട്രേഷൻ നടത്തണമെന്ന് താൽപര്യപ്പെടുന്നു.

email : uukmanurses@gmail.com 

ആൻസി ജോയ് - 07530417215 

 ബിജു പീറ്റർ - 07970944925 




കൂടുതല്‍വാര്‍ത്തകള്‍.