ലിവർപൂളിലെ ജനകീയ മലയാളി കൂട്ടായ്മയായ ലിവർപൂൾ മലയാളി അസോസ്സിയേഷന്റെ (ലിമ) ഈ വർഷത്തെ ഓണം “ദേ..മാവേലി” 2015 സെപ്തംബർ മാസം 13ന് ഞായറാഴ്ച്ച പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ തീരുമാനിച്ചു. യുകെയിലെ ജനസമ്പന്നമായ ഓണാഘോഷങ്ങളിൽ ഒന്നായ ലിമയുടെ ഓണം യൂ.കെ മലയാളികളുടെ മനസ്സിൽ എന്നും നിലനിക്കുന്ന വിധം വ്യത്യസ്തമായ പ്രോഗ്രാമുകളാൽ വേറിട്ട് നിൽക്കുന്നു. 600ഓളം പേരാണ് ഓരോ വർഷവും ലിമയുടെ ഓണത്തിന് എത്തുന്നത്. ലിവർപൂളിന് പുറത്ത് നിന്നു പോലും മുടങ്ങാതെ ലിമയുടെ ഓണാഘോഷത്തിന് മലയാളികൾ എത്തുന്നു എന്നത് തന്നെ ലിമയുടെ ഓണപ്രോഗ്രാമുകളുടെ മഹത്വം വിളിച്ചോതുന്നു. ഈ വർഷത്തെ ഓണവും പാരമ്പര്യം ചോരാതെ തന്നെ എന്നാൽ പ്രോഗ്രാമുകൾ പുതുമയോടെയും വ്യത്യസ്തതയോടെയും അവതരിപ്പിക്കുവാനുള്ള തിരുമാനത്തിലാണ് ലിമയുടെ ഭാരവാഹികളും അംഗങ്ങളും.
വിസ്റ്റൺ ടൌൺഹാളിൽ വച്ച് സെപ്തംബർ 13നു രാവിലെ 11മണിയോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകിട്ട് 8 മണിയോടെ അവസാനിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധങ്ങളായ കലാപരിപാടികളും ആസ്വദിക്കുവാനും ഓണം ആഘോഷിക്കുവാനുമായി എല്ലാ മലയാളികളേയും ലിമയുടെ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ. ഷാജു ഉതുപ്പും സെക്രട്ടറി ശ്രീ. ജോയ് ആഗസ്തിയും അറിയിച്ചു.