ജന്മനാടിന്റെ ഓർമകളെ അയവിറക്കിയും സുഹൃത്ത് ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചും മൂന്നാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം മാഞ്ചസ്റ്ററിൽ അരങ്ങേറി. തൃശൂരിന്റെ പൂരപ്പെരുമക്കൊപ്പം വർണ്ണക്കുടകളും നിറപ്പറയും തെങ്ങിൻ പൂക്കുലയും നിറച്ചു ഇരിങ്ങാലക്കുടയുടെ സ്വന്തം പിന്ടിയും കൊടിത്തോരണങ്ങളാലും സമ്മേളന നഗരി മോടി പിടിപ്പിച്ചു. കേംബ്രിഡ്ജിൽ നിന്നും പങ്കെടുത്ത സാൻ ജോർജ് പാടിയ ഈശ്വര ഗാനത്തോടെ സംഗമത്തിനു തുടക്കമായി.
സുനിൽ ആന്റണിയുടെ അവതാരക മികവിൽ മുന്നിട്ട് നിന്ന ഈ പ്രാവശ്യത്തെ കുടുംബ സമ്മേളനത്തിന് ഇരിങ്ങാലക്കുട പ്രസിഡന്റ് ശ്രീ. ബിജോയ് കോല്ലാംക്കണ്ണി സ്വാഗതം ആശംസിച്ചു. തുടർന്ന് അംഗങ്ങൾ എല്ലാവരും ചേർന്ന് നിലവിളക്ക് തെളിയിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തു. തുടർന്ന് ബ്രിസ്റ്റോളിൽ നിന്നും പങ്കെടുത്ത സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ തുടങ്ങിയ ചെണ്ടമേളപ്പെരുക്കം മാഞ്ചസ്റ്ററിനെ യുകെയിലെ പൂരനഗരിയാക്കി മാറ്റി. തുടർന്ന് ഉച്ചക്ക് സ്വാദേറിയ വിഭവങ്ങളാൽ സമൃദ്ധമായ തനി നാടൻ സദ്യ ഏവരെയും സന്തോഷിപ്പിച്ചു. ഇതിനെ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പ്രകടനങ്ങൾ സദസിൽ ആവേശം ജനിപ്പിച്ചു.
തുടർന്ന് നടന്ന സോജു & സാൻ ടീമിന്റെ ഗാനമേള കാണികളെ ആവേശത്തിൽ ആറാടിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശ്രീ. ബിജോയ് കോല്ലാംക്കണ്ണി നേതൃത്വം നല്കുന്ന സമിതി അടുത്ത വർഷത്തെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കണമെന്ന് ഐക്യകണ്ടേനെ തീരുമാനിച്ചു. ഈ വർഷത്തെ സമ്മേളനത്തിൽ ലോകോത്തര വെബ്സൈറ്റ് ആയ ആമസോണ്‍ വഴി പബ്ലിഷ് ചെയ്ത GCSE കെമിസ്ട്രി റിവിഷൻ ബുക്കിന്റെ രചയിതാവും ഇരിങ്ങാലക്കുട സംഗമത്തിലെ അംഗവുമായ മാത്യൂ കൊക്കാട്ടിനു ട്രോഫി നൽകി അനുമോദിച്ചു. തുടർന്ന് അടുത്തു തന്നെ വിവാഹിതയാവുന്ന അമൃതയ്ക്ക് സംഗമം മെമെന്റൊ നൽകി. ഈ വർഷം ഇരുപത്തിഅഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച സെൽവിൻ - റാണി ദമ്പതികളെ ഇരിങ്ങാലക്കുട സംഗമം ആദരിച്ചു. തുടർന്ന് നന്ദി പ്രകാശനത്തോടെ ഈ വർഷത്തെ സംഗമം അവസാനിച്ചു.