Breaking Now

ബര്‍മ്മിങ്ഹാം കോണ്‍സുലേറ്റിലെത്തിയ മലയാളി യുവാവിനു ശകാരവര്‍ഷവും ഭീഷണിയും ; ഈ ധിക്കാരത്തിനു അറുതിവരുത്തണ്ടേ?

 

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും ബര്‍മ്മിങ്ഹാം , എഡിന്‍ബറോ കോണ്‍സുലേറ്റുകളുടെയും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ പറ്റി സമഗ്രമായി അന്വേഷിക്കുന്നതിനും പ്രവര്‍ത്തന ശൈലി മെച്ചപ്പെടുത്തുന്നതിനുമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍  കേന്ദ്രമന്ത്രിസഭയുടെ മുമ്പാകെ ജനവികാരം ബോധ്യപ്പെടുത്തുന്നതിനായി ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷന് അഭിനന്ദന പ്രവാഹം. ഇതോടൊപ്പം തന്നെ ഹൈക്കമ്മീഷന്റെയും കോണ്‍സുലേറ്റുകളുടെയും ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ വിവരിച്ച് നിരവധി മലയാളികള്‍ ഒ.ഐ.സി.സി യു.കെ ഭാരവാഹികളുമായി ഇതിനോടകം ബന്ധപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍ പെറ്റീഷനൊപ്പം തന്നെ കമന്റ് രേഖപ്പെടുത്തുന്നതിനുള്ള അവസരമുണ്ടെങ്കിലും സ്ഥാനപതി കാര്യാലയങ്ങളില്‍ നടമാടുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനു വേണ്ടിയാണ് ലെസ്റ്ററിലെ ഒരു മലയാളി യുവാവിനു ഈ ഫെബ്രുവരി മാസം തന്നെയുണ്ടായ തിക്താനുഭവം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനായി നല്‍കുന്നത്. 
പിറവം സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ലെസ്റ്ററില്‍ താമസിച്ചു വരുന്നതും ലെസ്റ്ററിലെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട് വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നതുമാണ്. യു.കെ യിലെ ഏറ്റവും ആദ്യസംഗമങ്ങളില്‍ ഒന്നായ പിറവം സംഗമത്തിന്റെ പ്രധാന സംഘാടകരിലൊരാളുമാണ്. ഇദ്ദേഹം ഉള്‍പ്പെടെ കുടുംബത്തില്‍ നിന്നുള്ള നാലു സഹോദരന്മാര്‍ യു.കെയിലുണ്ട്. നാട്ടിലാവട്ടെ ഇവരുടെ പ്രായമായ അമ്മ മാത്രമാണുള്ളത്. നാട്ടിലെ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അമ്മയുടെ പേര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുന്നതിന്റെ ആവശ്യത്തിനായി ബര്‍മ്മിങ്ഹാം കോണ്‍സുലേറ്റിലെത്തിയ ഇദ്ദേഹത്തിനാണ് അവിടുത്തെ ജീവനക്കാരില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായത്. വളരെ ധിക്കാരപരമായി പെരുമാറിയ ജീവനക്കാരന്‍ ഇദ്ദേഹത്തെ ശകാരവര്‍ഷം കൊണ്ട് മൂടുകയും കൂടാതെ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ച് കൈയ്യേറ്റം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സമചിത്തതയോടു കൂടി ഇദ്ദേഹം ഈ അവസരത്തില്‍ പെരുമാറിയതു കൊണ്ട് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. കോണ്‍സുലേറ്റ് ജീവനക്കാര്‍ അടിമകളോടെന്ന പോലെയാണ് വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരോട് പെരുമാറുന്നതെന്നു പരാതി നില്‍ക്കുമ്പോഴാണ് ഒരു മലയാളി യുവാവിനു നേരേ ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നത്. യു.കെയില്‍ ബ്രിസ്റ്റോള്‍ , ന്യൂകാസില്‍ , ഗ്ലാസ്ക്കോ എന്നിവിടങ്ങളിലാണ് ലെസ്റ്ററിലെ യുവാവിന്റെ മറ്റ് സഹോദരന്മാര്‍ താമസിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ പവര്‍ ഓഫ് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്യുന്നതിനു വേണ്ടി ലണ്ടന്‍ ഹൈക്കമ്മീഷനിലും എഡിന്‍ബറോ കോണ്‍സുലേറ്റിലും മുന്‍പ് തന്നെ പോവുകയും അവിടെ നിന്നും ഇരുവര്‍ക്കും അറ്റസ്റ്റ് ചെയ്ത് ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അറ്റസ്റ്റേഷനു വേണ്ടി കോണ്‍സുലേറ്റില്‍ എത്തുമ്പോള്‍ കൈവശം കരുതേണ്ട ഡോക്യുമെന്റുകളെപ്പറ്റിയും ഫോട്ടോകളെപ്പറ്റിയും ഫോട്ടോസ്റ്റാറ്റ് കോപ്പികളെപ്പറ്റിയും ഇവരില്‍ നിന്നും ലെസ്റ്ററിലെ യുവാവ് കൃത്യമായ വിവരവും ശേഖരിച്ചിരുന്നു. ഇതനുസരിച്ച് മതിയായ എല്ലാ രേഖകളുമായി ഫെബ്രുവരി 4 ശനിയാഴ്ച്ച  കോണ്‍സുലേറ്റില്‍ എത്തിയ യുവാവിനോട് ബ്രിട്ടണിലെ നോട്ടറി അറ്റസ്റ്റ് ചെയ്യാത്തതിനാല്‍ പവര്‍ ഓഫ് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്യുന്നതിനു സാധിക്കില്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കാന്‍ ജീവനക്കാരന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമേ തന്നെ ഇദ്ദേഹത്തെ മടക്കി അയയ്ക്കുന്നതിനായി കൗണ്ടറില്‍ ഇരുന്ന വനിത ശ്രമിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും  ഉദ്യോഗസ്ഥനെ കാണണാമെന്ന് ആവശ്യം ഉന്നയിച്ചതോടെയാണ് മറ്റൊരു ജീവനക്കാരന്റെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുന്ന ആളിന്റെ ഒപ്പ് ശരിയായ ആള്‍ തന്നെയാണ് ഇടുന്നതെന്നു സാക്ഷ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ജീവനക്കാരനെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനു ശ്രമിച്ചുവെങ്കിലും അയാള്‍ വഴങ്ങിയില്ല. ലണ്ടന്‍ ഹൈക്കമ്മീഷനിലും എഡിന്‍ബറോ കോണ്‍സുലേറ്റിലും അറ്റസ്റ്റ് ചെയ്ത് തന്റെ സഹോദരന്മാര്‍ക്ക് ലഭിച്ച വിവരം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ കള്ളം പറയുകയാണെന്ന നിലയിലാണ് ജീവനക്കാരന്‍ പെരുമാറിയത്. ആ രേഖകള്‍ കാണുകയാണെങ്കില്‍ മാത്രമേ താന്‍ വിശ്വസിക്കുകയുള്ളൂ എന്ന നിലപാട് ജീവനക്കാരന്‍ സ്വീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു മടങ്ങിയെത്തിയ യുവാവ് തന്റെ സഹോദരന്മാരോട് ഈ വിവരം അറിയിച്ചതനുസരിച്ച് ഇരുവരും തങ്ങള്‍ക്ക് ലഭിച്ച അറ്റസ്റ്റേഷന്റെ കോപ്പി അയച്ചു നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നു വീണ്ടും ഫെബ്രുവരി 11 തിങ്കളാഴ്ച്ച ബര്‍മ്മിങ്ഹാം കോണ്‍സുലേറ്റിലെത്തി കൗണ്ടറിലിരുന്ന യുവതിയോട് കാര്യം പറഞ്ഞപ്പോള്‍ നോട്ടറി അറ്റസ്റ്റ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. തന്റെ സഹോദരന്മാര്‍ക്ക് മറ്റു രണ്ടു സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് ലഭിച്ച വിവരം അറിയിച്ചപ്പോള്‍ വീണ്ടും പഴയ ജീവനക്കാരന്റെ പക്കലേയ്ക്ക് പോകുന്നതിനായി അനുവദിച്ചു. എന്നാല്‍ യുവാവിന്റെ സഹോദരന്മാര്‍ക്ക് ലണ്ടന്‍ ഹൈക്കമ്മീഷന്‍ , എഡിന്‍ബറോ കൗണ്‍സില്‍ എന്നിവൈടങ്ങളില്‍ നിന്നും ലഭിച്ച പവര്‍ ഓഫ് അറ്റോര്‍ണിയുടെ കോപ്പികള്‍ കണ്ടതോട് കൂടി ഇയാളുടെ മട്ട് മാറി. അതുവരെ ഈ കോപ്പികള്‍ കണ്ടാല്‍ കുഴപ്പമില്ല എന്ന നിലയില്‍ നിന്നിരുന്ന ഈ ജീവനക്കാരന്‍ ലണ്ടനിലും എഡിന്‍ബറോയിലുമെല്ലാം അങ്ങനെ പലതും നടക്കും തന്നെ ആരും പഠിപ്പിക്കേണ്ടതില്ല, നോട്ടറി അറ്റസ്റ്റ് ചെയ്യാതെ സമ്മതിക്കില്ല എന്ന കര്‍ക്കശ നിലപാട് സ്വീകരിച്ചു. സമചിത്തതയോട് കൂടി യുവാവ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവനക്കാരന്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഹിന്ദിയില്‍ , മലയാളി യുവാവിനെ ശകാരിക്കുന്നതിനു തുടങ്ങി. താന്‍ കുറേക്കാലം ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നതു കൊണ്ടാണ് ഇയാളുമായി ഹിന്ദിയില്‍ സംസാരിക്കുന്നതിനു പോലും സാധിച്ചതെന്നു യുവാവ് പറയുന്നു. എന്നാല്‍ ഈ ജീവനക്കാരനോട് കോണ്‍സുലേറ്റിലെ സീനിയര്‍ ഉദ്യോഗസ്ഥരെ ആരെയെങ്കിലും തനിക്ക് കാണണമെന്നും ഈ വിഷയത്തില്‍ പരാതിപ്പെടണമെന്നും പറഞ്ഞതോടെ ഇയാള്‍ സെക്യൂരിറ്റിക്കാരെ വിളിക്കുകയായിരുന്നു. താന്‍ പറഞ്ഞത് മനസ്സിലാക്കിയാല്‍ മതിയെന്നു ഇല്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്കുണ്ടായ തിക്താനുഭവത്തെ പറ്റി ലണ്ടനിലെ ഹൈക്കമ്മീഷനിലേയ്ക്ക് യുവാവ് പരാതി ഇ-മെയിലായി അയച്ചിരുന്നുവെങ്കിലും ഇതുവരെയും പരാതി സ്വീകരിച്ചതായി പോലും മറുപടി ലഭിച്ചിട്ടില്ല. കേവലം അഞ്ച് മിനുട്ട് മാത്രം എടുക്കുന്ന ഒരു വിഷയമാണ് ഒപ്പ് നോക്കി വേരിഫൈ ചെയ്ത് അറ്റസ്റ്റ് ചെയ്യുക എന്നുള്ളത്. അതാണ് രണ്ട് ദിവസം മുഴുവനും ഒരാളെ നടത്തി ആവശ്യമില്ലാത്ത നോട്ടറി അറ്റസ്റ്റേഷന്റെ പേരില്‍ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നത്. നോട്ടറി അറ്റസ്റ്റേഷനു 60 മുതല്‍ 150 പൗണ്ട് വരെയാണ് പല ഓഫീസുകളിലും ഈടാക്കുന്നതും. സ്ഥാനപതി കാര്യാലയങ്ങളിലെ  ജീവനക്കാരുടെ അറിവില്ലായ്മയും ധിക്കാരപരമായ സമീപനവുമാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനു അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഹൈക്കമ്മീഷന്റെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തന ശൈലിയില്‍ കാതലായ  മാറ്റം ഉണ്ടാവണമെങ്കില്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം നടക്കേണ്ടതുണ്ട്. ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനു എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്നു ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. 
പെറ്റീഷന്‍ ലിങ്ക് http://www.gopetition.com/petitions/investigate-the-functioning-of-indian-high-commission-c.html വിശദവിവരങ്ങള്‍ക്ക്      ഫ്രാന്‍സിസ് വലിയപറമ്പില്‍  07411507348   പോള്‍സണ്‍ തോട്ടപ്പള്ളി  07877687813

 
കൂടുതല്‍വാര്‍ത്തകള്‍.