CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 39 Seconds Ago
Breaking Now

ഇവരെ മാതാപിതാക്കളെന്ന് വിളിക്കാമോ? ആറ് ആഴ്ച പ്രായമുള്ള സ്വന്തം കുഞ്ഞിന് അതിക്രൂരമായ പീഡനം; ദുരിതപര്‍വ്വം താണ്ടിയ കുഞ്ഞിന്റെ കാലുകള്‍ മുറിച്ചുമാറ്റി; മരണത്തിന്റെ അടുക്കലെത്തിച്ച രക്ഷിതാക്കള്‍ക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷ

കുഞ്ഞിന്റെ കാലുകളില്‍ മാരകമായ പരുക്കുകളാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്

സ്വന്തം മക്കളെ എത്ര സ്‌നേഹം നല്‍കി വളര്‍ത്തിയാലാണ് മാതാപിതാക്കള്‍ക്ക് മതിവരിക! ഈ ചോദ്യം സാധാരണ ആളുകള്‍ക്ക് സ്വാഭാവികമായി തോന്നുമെങ്കിലും ഈ വാര്‍ത്തയിലെ മാതാപിതാക്കള്‍ കാണിച്ച ക്രൂരത കേള്‍ക്കുമ്പോള്‍ അതിശയവും രോഷവും തോന്നിയേക്കാം. ആറ് ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍ കുഞ്ഞ് ടോണിക്ക് മാതാപിതാക്കളില്‍ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനങ്ങളാണ്. പീഡനങ്ങള്‍ക്കൊടുവില്‍ കുഞ്ഞിന്റെ രണ്ട് കാലുകളും മുറിച്ചുനീക്കേണ്ടി വന്നുവെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് ക്രൂരത എത്രത്തോളം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുക.

സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടാന്‍ യത്‌നിച്ച മാതാപിതാക്കളായ 46 വയസ്സുള്ള ടോണി സ്മിത്തും, 24-കാരി ജോഡി സിംപ്‌സണും 10 വര്‍ഷം വീതം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. സെപ്‌സിസ് ബാധിച്ചിരുന്ന കുട്ടി മരണത്തിലേക്ക് നീങ്ങാന്‍ നിമിഷങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന് ഗുരുതരമായി പരുക്കേല്‍പ്പിച്ചില്ലെന്നായിരുന്നു ഇവരുടെ വാദമെങ്കിലും അരമണിക്കൂര്‍ കൊണ്ട് ജൂറി ഇവരെ കുറ്റക്കാരായി കണ്ടെത്തി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. വീട്ടിലെ ബോയ്‌ലര്‍ ശരിപ്പെടുത്താന്‍ പ്ലംബറെ കാത്തിരുന്നത് മൂലമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ അവകാശപ്പെട്ടത്. 

മെയ്ഡ്‌സ്റ്റോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഈ ലോകത്തേക്ക് തന്നെ കൊണ്ടുവന്നവരില്‍ നിന്ന് തന്നെ 41 ദിവസം പ്രായമായ കുഞ്ഞിന് പീഡനം നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് ജഡ്ജ് വ്യക്തമാക്കി. പീഡനങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തുമ്പോള്‍ സെപ്റ്റികെമിയ ബാധിച്ച് മരണം തൊട്ടരികിലുണ്ടായിരുന്നു. കെന്റിലെ പെമ്പറി ബോസ്പിറ്റലിലെയും, ലണ്ടന്‍ ഈവ്‌ലിന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും ഡോക്ടര്‍മാരും ജീവനക്കാരും നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. 

കുഞ്ഞിന്റെ കാലുകളില്‍ മാരകമായ പരുക്കുകളാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മര്‍ദ്ദനവും, വലിക്കലും, പിരിക്കലും ഒക്കെയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഒടിഞ്ഞ കാലുമായി കുഞ്ഞ് 10 ദിവസമെങ്കിലും വേദന തിന്നു. ജീവന്‍ രക്ഷിക്കാനായി കുഞ്ഞിന്റെ രണ്ട് കാലുകളും മുറിച്ചുനീക്കേണ്ടി വന്നു. കുഞ്ഞ് ടോണിക്ക് ഇപ്പോള്‍ പുതിയ മാതാപിതാക്കളെ ലഭിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.