പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത മനുഷ്യരുള്ള കാലമാണിത്. അപ്പോഴാണ് തന്റെ 24ാം വയസ്സില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കരിയറും, 100 കോടി മൂല്യമുള്ള കുടുംബവും ഉപേക്ഷിച്ച് ഒരാള്‍ ജൈനമത സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്
സിഎക്കാരനായ ശേഷം രണ്ട് വര്‍ഷക്കാലം കുടുംബ ബിസിനസ്സ് നിയന്ത്രിച്ചിരുന്ന മോക്ഷേഷ് ഷെത്താണ് സന്ന്യാസത്തിലേക്ക് തിരിഞ്ഞത്. കുടുംബപരമായി ജൈനമത വിശ്വാസികളുടെ കുടുംബത്തില്‍ നിന്നുമുള്ള ഇദ്ദേഹം 24 വയസ്സ് തികയുമ്പോഴേക്കും ഭൂമിയിലുള്ള സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കുകയായിരുന്നു.
ഇന്നലെയാണ് സന്ന്യാസം സ്വീകരിച്ചുള്ള ചടങ്ങുകള്‍ നടന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരന്‍ സന്ദീപ് ഷെത്തിന്റെ മകനാണ് മോക്ഷേഷ്. ഇന്നുമുതല്‍ ഇദ്ദേഹത്തിന്റെ പേര് കരുണാപ്രേംവിജയ് ജീ എന്നായിരിക്കും. ഗുജറാത്തില്‍ നിന്നും മുംബൈയിലെത്തിയ കുടുംബത്തിന് അലൂമിനിയം ഫാക്ടറിയുണ്ട്.
സിഎ പൂര്‍ത്തിയാക്കിയ ശേഷം മോക്ഷേഷ് ആയിരുന്നു സ്ഥാപനത്തിന് നേതൃത്വം വഹിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 100 കോടി മൂല്യത്തിലേക്ക് കമ്പനി വളര്‍ന്നത്. വ്യാഴാഴ്ച കോടീശ്വരനായ വജ്രവ്യാപാരിയുടെ 12 വയസ്സുള്ള മകനും സന്ന്യാസം സ്വീകരിച്ചിരുന്നു.