അര്‍ഹമായതെല്ലാം നല്‍കിയിട്ടും ഒരു കോണ്‍ഗ്രസുകാരനെ പോലെയാണ് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പെരുമാറിയതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന യശ്വന്ത് സിന്‍ഹയുടെ ആരോപണത്തിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്.
അദ്ദേഹത്തിന്റെ പ്രസ്താവനകളും എഴുത്തും കോണ്‍ഗ്രസുകാരുടേതിന് തുല്യമായിരുന്നു. സിന്‍ഹയ്ക്ക് ബിജെപി ഒട്ടേറെ പദവികളും ബഹുമാനവും നല്‍കി. എന്നാല്‍ അതിന് നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രതിപക്ഷത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്ന നേതാവിനെ പോലെയായിരുന്നു യശ്വന്ത് സിന്‍ഹ. അദ്ദേഹം പാര്‍ട്ടി വിട്ടതില്‍ അത്ഭുതമില്ലെന്ന് ബിജെപി വക്താവ് അനുല്‍ ബലൂനി പറഞ്ഞു.
ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ പട്‌നയിലെ ആദ്യ സമ്മേളനത്തിലാണ് താന്‍ പാര്‍ട്ടി വിടുന്നതായി സിന്‍ഹ വ്യക്തമാക്കിയത്. ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും ഒരു പദവിയും ഭാവിയില്‍ ഏറ്റെടുക്കില്ലെന്നും സിന്‍ഹ പറഞ്ഞു. ഞാനൊരു പാര്‍ട്ടിയിലും ചേരില്ല. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സിന്‍ഹ പറഞ്ഞു.
മോദിയ്‌ക്കെതിരെ കര്‍ശന വിമര്‍ശനമാണ് സിന്‍ഹ ഉയര്‍ത്തിയത്. നോട്ട് നിരോധനത്തിലും ജിഎസ് ടി വിഷയത്തിലും ശക്തമായ വിമര്‍ശനം തന്നെ ഉന്നയിച്ചിരുന്നു .