കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസിന്റെ എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍. വിവിധ ബാലഭവനുകളിലുള്ള 45,000 കുട്ടികളില്‍നിന്നാണ് 2,930 കുട്ടികളെ തിരിച്ചറിഞ്ഞ് സ്വന്തം വീടുകളില്‍ തിരികെയെത്തിക്കാനുള്ള അവസരമൊരുങ്ങിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്ത്രീ ശിശു വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം എന്ന സോഫ്റ്റ്‌വെയറാണ് പോലീസിന് നാലു ദിവസംകൊണ്ട് ഇത്രയും കുട്ടികളെ തിരിച്ചറിയാന്‍ സഹായകമായത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത്. കാണാതായ കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സമാഹരിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവിധയിടങ്ങളിലെ ബാലഭവനുകളില്‍ പാര്‍പ്പച്ചിരിക്കുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളുമായി താരതമ്യം ചെയ്താണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ആണ് പെട്ടെന്നുള്ള നടപടി. വിവിധ കാലങ്ങളിലായി കാണാതായ ഏഴു ലക്ഷത്തോളം കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളും അവരുടെ ഫോട്ടോയും ഡല്‍ഹി പോലീസിന് മന്ത്രാലയം കൈമാറിയത്. സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ഭുവന്‍ റിബ്ബു എന്നയാളാണ് ഇത്തരമൊരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും ഡല്‍ഹി പോലീസിന് ഇത് സൗജന്യമായി നല്‍കുകയും ചെയ്തത്.