240 യാത്രക്കാരും, വിമാന ജീവനക്കാരും ജീവന്‍ രക്ഷിക്കാനായി ദൈവത്തെ കരഞ്ഞുവിളിച്ച് പോയി. ഇവര്‍ യാത്ര ചെയ്തിരുന്ന വിമാനം ആകാശത്ത് ആയിലുഞ്ഞതോടെയാണ് ഭയാനകമായ അവസ്ഥ സംജാതമായത്. ആകാശഗര്‍ത്തത്തില്‍ വീണ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിന്റെ ജനല്‍ ഇളകിവീണതോടെ ഭയചകിതരായ യാത്രക്കാര്‍ കരഞ്ഞ് ബഹളം വെയ്ക്കുകയായിരുന്നു.
240 യാത്രക്കാരുമായാണ് അമൃത്സറില്‍ നിന്നും തലസ്ഥാനമായ ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭയപ്പാടിലായി. 15,000 അടി മുകളില്‍ എത്തിയപ്പോഴായിരുന്നു യാത്രക്കാരെ ഇരുവശത്തേക്കും ഉലച്ചുകൊണ്ട് വിമാനം ആകാശ ഗര്‍ത്തത്തില്‍ പെട്ടത്.
യാത്രയുടെ പകുതി സമയവും ഇത്തരത്തില്‍ അനുഭവം നേരിട്ടത് യാത്രക്കാരെ ഞെട്ടിച്ചു. മൂന്ന് യാത്രക്കാര്‍ക്ക് ചെറിയ പരുക്കേറ്റു. ഇളകിവീണ ജനല്‍ച്ചില്ല് തിരികെ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന എയര്‍ ഹോസ്റ്റസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അരമണിക്കൂര്‍ യാത്രയാണ് ആകെ ആവശ്യമുള്ളത്. എന്നാല്‍ കാലാവസ്ഥ മോശമായതാണ് വിമാനത്തെ കുരുക്കിയത്. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യേ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയത്.