രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ചെന്ന കേന്ദ്രത്തിന്റെ അവകാശ വാദം വിവാദമായിരിക്കേ സമ്പൂര്‍ണ്ണ ഗ്രാമ വൈദ്യുതീകരണത്തിന് വിശദീകരണവുമായി കേന്ദ്രം തന്നെ രംഗത്ത്. ഓരോ ഗ്രാമത്തിലേയും പത്തു ശതമാനം വീടെങ്കിലും വൈദ്യുതിയെത്തിയാല്‍ ആ ഗ്രാമം വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര വിശദീകരണം.
രാജ്യത്തെ ഗ്രാമങ്ങളിലെ 82 ശതമാനം വീടുകളിലും വൈദ്യുതിയെത്തി കഴിഞ്ഞെന്നാണ് ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്. മണിപ്പൂരിലെ ലിസാങ് ഗ്രാമത്തില്‍ ശനിയാഴ്ച വൈദ്യുതി എത്തിയതോടെ രാജ്യത്ത് സമ്പൂര്‍ണ്ണ ഗ്രാമ വൈദ്യുതീകരണം പൂര്‍ത്തിയായെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
തൊട്ടടുത്ത ദിവസം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പോസ്റ്റ് ചെയ്ത ചിത്രം വിനയായി. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ഇന്ത്യയുടെ രണ്ട് ഉപഗ്രഹ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇതോടെ വിമര്‍ശനമേറ്റുവാങ്ങി. ആദ്യ ചിത്രം 2012ലേയും രണ്ടാമത്തേത് 2016 ലേയുമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്ന് സംഭവം വിവാദമായിരുന്നു.
എന്നാല്‍ എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തിച്ച ഇന്ത്യ ഒരു നാഴികകല്ല് പിന്നിട്ടെന്ന് ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ് പറഞ്ഞു. 60 വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.