CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 55 Minutes 38 Seconds Ago
Breaking Now

യുദ്ധം വിജയിച്ചു; സവിതയ്ക്ക് ഇനി സമാധാനത്തോടെ അന്ത്യവിശ്രമം; അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമത്തെക്കുറിച്ച് ഇന്ത്യന്‍ ഡോക്ടറുടെ മാതാപിതാക്കള്‍; സവിതയുടെ രക്തസാക്ഷിത്വത്തില്‍ പിറന്ന നിയമത്തിന് ഇന്ത്യക്കാരിയുടെ പേര് നല്‍കണമെന്ന് ആവശ്യം

'സവിതാസ് ലോ' എന്ന പുതിയ നിയമത്തിന് ഐറിഷ് ജനത എന്നും ആ ഇന്ത്യക്കാരിയോട് കടപ്പെട്ടിരിക്കുമെന്ന് യെസ് പ്രചരണസംഘം

31-ാം വയസ്സിലായിരുന്നു ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ സ്റ്റാഫ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ സവിതാ ഹാലപ്പനവര്‍ മരണത്തിന് കീഴടങ്ങുന്നത്. സെപ്റ്റിക് മിസ്‌കാര്യേജ് ഉണ്ടായിട്ടും ഭ്രൂണത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കാണിച്ചായിരുന്നു ഈ അവകാശനിഷേധം. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ അബോര്‍ഷന്‍ ചെയ്യാന്‍ നിയപരമായി തടസ്സമില്ലെങ്കിലും വിഷയം കൈകാര്യം ചെയ്ത ഡോക്ടറുടെ വീഴ്ചയാണ് സവിതയുടെ ജീവനെടുത്തത്. പക്ഷെ ഇതോടെ അയര്‍ലണ്ടില്‍ ആ ഇന്ത്യക്കാരി ഒരു രക്തസാക്ഷിയായി മാറി. രാജ്യത്തെ കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങള്‍ തിരുത്തണമെന്ന ആവശ്യം ഒടുവില്‍ വിജയത്തിലുമെത്തി. 

കഴിഞ്ഞ ആഴ്ച നടന്ന ഹിതപരിശോധനയില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ തിരുത്തുന്നതിന് അനുകൂലമായി ജനം വിധിയെഴുതി. യുദ്ധം വിജയിച്ചിരിക്കുന്നുവെന്നാണ് ആ പ്രചരണങ്ങള്‍ക്ക് സ്വന്തം ജീവന്‍ കൊണ്ട് കാരണമായി മാറിയ സവിതയുടെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2012 ഒക്ടോബറില്‍ സവിതയുടെ മരണം രാജ്യത്തെ വിവാദമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയായിരുന്നു. ഒടുവില്‍ ഒരു ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ട് പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള ഹിതപരിശോധന വിജയകരമായി നടത്തുകയും ചെയ്തു. 

ഐറിഷ് ജനതയുടെ വിജയം സവിതയുടെ വിജയം കൂടിയാണെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ആറ് വര്‍ഷക്കാലമായി നടക്കുന്ന പോരാട്ടമാണ്. ആ യുദ്ധം വിജയിച്ചിരിക്കുന്നു, അമ്മ അക്കാഹമാദേവി യെലാഗി ബിബിസിയോട് പറഞ്ഞു. അവളുടെ ആത്മാവിന് ഇനി ശാന്തിയാകും. ഞങ്ങളുടെ മകള്‍ക്കായി പോരാടാന്‍ രംഗത്തിറങ്ങിയ എല്ലാവര്‍ക്കും നന്ദി, ആ അമ്മ പറയുന്നു. വെള്ളിയാഴ്ച നടന്ന ഹിതപരിശോധനയില്‍ 66.4 ശതമാനം ജനങ്ങളും വിവാദമായ ഭരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചു. ചരിത്രപരമായ തീരുമാനത്തിന് പിന്നലെ അയര്‍ലണ്ടിലെ പുതിയ അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് സവിതയുടെ പേര് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

'സവിതാസ് ലോ' എന്ന പുതിയ നിയമത്തിന് ഐറിഷ് ജനത എന്നും ആ ഇന്ത്യക്കാരിയോട് കടപ്പെട്ടിരിക്കുമെന്ന് യെസ് പ്രചരണസംഘം വ്യക്തമാക്കി. സവിതയോടും, കുടുംബത്തോടും വലിയ നന്ദിയുള്ളതായി യെസ് ക്യാംപ് കോ-ഡയറക്ടര്‍ ഗ്രെയിന്‍ ഗ്രിഫിന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.