
















കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ബ്രിട്ടീഷ് തെരുവുകളില്‍ കൗമാരക്കാരുടെയും കുട്ടികളുടെയും ചോര വീഴുന്നു. 24 മണിക്കൂറിനിടെ രണ്ട് കൗമാരക്കാര്‍ കുത്തേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവങ്ങള്‍. നോര്‍ത്താംപ്ടണിലെ റോത്ത്‌വെല്ലില്‍ നിന്നുമുള്ള 17 വയസ്സുകാരന്‍ ലൂയിസ് റയാന്‍ മെനസെസാണ് കുത്തേറ്റതിനെത്തുടര്‍ന്ന് മരിച്ചത്. ഷെഫീല്‍ഡിലെ ലോവെഡ്ജസ് പ്രദേശത്ത് സമാനമായ അക്രമണത്തില്‍ 15-കാരനായ സാമുവല്‍ ബേക്കര്‍ കൊല്ലപ്പെട്ട് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുന്‍പാണ് പുതിയ കൊലപാതകം.
ലൂയിസ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ചെറുപ്പക്കാരായ ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സാമുവല്‍ ബേക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന മറ്റൊരു 15-കാരനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കൊല്ലപ്പെട്ട ആളുടെ വിവരങ്ങള്‍ പോലും സ്ഥിരീകരിച്ചത്. ഈ പ്രതിയുടെ പ്രായം മാനിച്ച് പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
നോര്‍ത്താംപ്ടണ്‍ കിംഗ്‌സ്‌തോര്‍പ്പിലെ ഡ്രേയ്റ്റണ്‍ വാക്കിലാണ് ലൂയിസിന് കുത്തേറ്റത്. വൈകുന്നേരം 6.15-ഓടെയായിരുന്നു സംഭവങ്ങള്‍. ഇരയെ നോര്‍ത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 15, 16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയും, 38-കാരനായ ഒരാളെയും സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് വിട്ടയച്ചു. പ്രദേശത്തെ വീടുകള്‍ കയറിയുള്ള അന്വേഷണത്തിലാണ് വിശദവിവരങ്ങള്‍ ലഭ്യമായതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കത്തിക്കുത്ത് വീണ്ടും പുനരാരംഭിച്ചത്. ഷെഫീല്‍ഡില്‍ ഒരു കൗമാരക്കാരന് കുത്തേറ്റതോടെയാണ് സംഭവങ്ങളുടെ ആരംഭം. ഇപ്പോള്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ഭയപ്പാടിലാണ്. പ്രത്യേകിച്ച് കുട്ടികള്‍ അക്രമിക്കപ്പെടുന്നതിനാല്‍ മാതാപിതാക്കള്‍ ആശങ്കയിലാണ്.