
















സ്വന്തം മകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം കണ്ട് ഓടിയെത്തിയത് മാതാപിതാക്കള്‍. സൗത്ത് ലനാര്‍ക്ഷയറില്‍ രാത്രി 11.15ഓടെയാണ് ബസില്‍ വന്നിറങ്ങിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. അക്രമി ബസില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വരികയായിരുന്നു. സ്‌കോട്ട്‌ലണ്ട് പോലീസ് പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ വ്യാപകമാക്കി.
വീടിന് തൊട്ടരികില്‍ വെച്ചായിരുന്നു 15-കാരിക്ക് നേരെ അക്രമണം നടന്നത്. ബസില്‍ വന്നിറങ്ങിയ പെണ്‍കുട്ടി വീട്ടിലേക്ക് നടക്കവെയാണ് പിന്നാലെയെത്തിയ യാത്രക്കാരന്‍ ഇവളെ താഴെ വീഴ്ത്തിയത്. പെണ്‍കുട്ടി അക്രമത്തെ പ്രതിരോധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. 
മകളുടെ കരച്ചില്‍ കേട്ട് തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും മാതാപിതാക്കള്‍ ഓടിയെത്തി. ഇവരെ കണ്ടതോടെ അക്രമി അടുത്തുള്ള പള്ളിക്ക് സമീപത്തേക്ക് ഓടി രക്ഷപ്പെട്ടു. ആറടിയോളം പൊക്കമുള്ള ആളാണ് പ്രതിയെന്നാണ് വിവരം. നം. 18 ഫസ്റ്റ് ബസില്‍ യാത്ര ചെയ്തവരില്‍ നിന്നും പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
പെണ്‍കുട്ടി ബസില്‍ കയറി ഏതാനും സ്റ്റോപ്പുകള്‍ പിന്നിട്ട ശേഷമാണ് ഇയാള്‍ ബസില്‍ കയറുന്നത്. കാള്‍ഡര്‍വുഡ് സ്‌ക്വയര്‍ സ്റ്റോപ്പില്‍ ഇവള്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളും ഇറങ്ങി. കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എയിക്മാന്‍ പ്ലേസിന് സമീപമായതാണ് ഇരയെ രക്ഷപ്പെടുത്തിയത്.