
















കെട്ടിടത്തില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. താല്‍ക്കാലികമായി നിര്‍മ്മിച്ച ടെര്‍മിനല്‍ കെട്ടിടത്തിലാണ് രാവിലെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. കെട്ടിടത്തില്‍ നിന്നും വലിയ ശബ്ദം ഉയര്‍ന്നതോടെ യാത്രക്കാര്‍ ആശങ്കയിലായി.
ടെര്‍മിനല്‍ 2ലുണ്ടായ വിള്ളലിനെത്തുടര്‍ന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച് തുടങ്ങി. ഇതിന് പിന്നാലെ ഫയര്‍ സര്‍വ്വീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വലിയ ശബ്ദത്തോടെയാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. 
കെട്ടിടം പൊളിഞ്ഞ് വീഴുമോയെന്നായിരുന്നു യാത്രക്കാരുടെ ഭയം. ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തി ഇവരെ ഒഴിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ആളുകളെ എയര്‍ഫീല്‍ഡില്‍ നിര്‍ത്തിയ ശേഷമായിരുന്നു പരിശോധന.
അതേസമയം ആദ്യം ആശങ്കപ്പെട്ടത് പോലെ സ്ഥിതി ഗുരുതരമല്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കി. പരിശോധന പൂര്‍ത്തിയാക്കി യാത്രക്കാരെ കെട്ടിടത്തിലേക്ക് തിരികെ കയറ്റി.