CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 52 Minutes 22 Seconds Ago
Breaking Now

വെയില്‍സില്‍ പുകവലി നിരോധിച്ചു; ആശുപത്രികള്‍, സ്‌കൂള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പുകവലിക്ക് വിലക്ക്; യുകെയില്‍ പുകവലി നിരോധിച്ച ആദ്യത്തെ രാജ്യം!

ഗ്ലാന്‍ ഗ്ലൈവ്ഡ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച സെക്രട്ടറിക്ക് ജീവനക്കാര്‍ പുകവലിയെക്കുറിച്ച് പരാതി നല്‍കിയിരുന്നു

'ഹോ എന്താ തണുപ്പ്. ഒന്ന് പുകവലിച്ച് കളയാം. പോക്കറ്റില്‍ നിന്നും സിഗററ്റ് എടുത്ത് കത്തിക്കാന്‍ ഒരുങ്ങുമ്പോഴാണ് മുന്നിലുള്ള ആ ബോര്‍ഡ് ശ്രദ്ധിക്കുന്നത്. നോ  സ്‌മോക്കിംഗ്. പുകവലിക്കാനുള്ള ആഗ്രഹം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് സിഗററ്റ് തിരികെ പാക്കറ്റിലിട്ട് ഞാന്‍ നടന്നു'. വെയില്‍സില്‍ നിന്നും ഇത്തരം കഥകള്‍ ഇനി നിരവധി കേള്‍ക്കാന്‍ അവസരം ലഭിക്കും. കാരണം എന്തെന്നല്ലേ, പൊതുസ്ഥലത്ത് പുകവലിക്കാനുള്ള അവകാശം സര്‍ക്കാര്‍ അങ്ങ് നിരോധിച്ച് കളഞ്ഞു. പുകവലിക്കാത്ത ആളുകളെ സംരക്ഷിക്കാനാണ് വെയില്‍സ് സര്‍ക്കാര്‍ പൊതുസ്ഥലത്ത് പുകവലിക്ക് നിരോധം ഏര്‍പ്പെടുത്തിയത്. 

യുകെയില്‍ പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമാണ് വെയില്‍സ്. ആശുപത്രി പരിസരങ്ങള്‍, സ്‌കൂള്‍ ഗ്രൗണ്ട്, പ്ലേഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള വിലക്ക് 2019 വേനല്‍ക്കാലം മുതല്‍ നിലവില്‍ വരും. സെക്കന്‍ഡ് ഹാന്‍ഡ് പുകവലിയില്‍ നിന്നും പുകവലിക്കാത്തവരെ സംരക്ഷിക്കുന്നതോടൊപ്പം കുട്ടികളിലും ചെറുപ്പക്കാരിലും പുകവലി ഒരു സാധാരണ കാര്യമല്ലെന്ന ബോധവും നല്‍കും. 'പുകവലി കുറയ്ക്കാനുള്ള നടപടികളില്‍ വെയില്‍സ് മുന്നില്‍ നില്‍ക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. ചെറുപ്പക്കാര്‍ ഇതിലേക്ക് കടക്കുന്നത് തടയാനും കഴിയും', ഹെല്‍ത്ത് സെക്രട്ടറി വോഗന്‍ ഗെത്തിംഗ് പറഞ്ഞു. 

2007 മുതല്‍ വെയില്‍സില്‍ പുകവലിയോടുള്ള ആഭിമുഖ്യത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍പ്പുണ്ടായി. എന്നാല്‍ അതൊരു സാംസ്‌കാരിക മാറ്റമായി മാറി. ഔട്ട്‌ഡോര്‍ പൊതുസ്ഥലങ്ങള്‍ പുകവലി നിരോധിത മേഖലയായി മാറ്റാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. പൊതുജനങ്ങളും ഇതിന് പിന്തുണയേകുന്നു. പുകവലി ഒരു സാധാരണ കാര്യമല്ലെന്ന് വെയില്‍സ് ഒരുവട്ടം കൂടി ഉറപ്പിക്കുകയാണ്, ഗെത്തിംഗ് വ്യക്തമാക്കി. നേരത്തെ ഗ്ലാന്‍ ഗ്ലൈവ്ഡ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച സെക്രട്ടറിക്ക് ജീവനക്കാര്‍ പുകവലിയെക്കുറിച്ച് പരാതി നല്‍കിയിരുന്നു. 

ചെറിയ കുഞ്ഞുങ്ങളുമായി വരുമ്പോള്‍ ആളുകള്‍ പുറത്ത് നിന്നും പുകവലിക്കുന്നുവെന്നാണ് അമ്മമാര്‍ ജീവനക്കാരോട് പരാതി പറഞ്ഞത്. ഇക്കാര്യം ഇവര്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പല ആശുപത്രികളിലും നോ സ്‌മോക്കിംഗ് പോളിസികള്‍ നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നിയമം മാറുന്നതോടെ നിരോധനം ഏര്‍പ്പെടുത്താനും വിലക്ക് ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും സാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.