CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 18 Seconds Ago
Breaking Now

എറിക് കൊടുങ്കാറ്റ് ആളെ കൊല്ലുന്നു; ഡിവോണില്‍ കനത്ത കാറ്റില്‍ എ റോഡിലേക്ക് പറന്നെത്തിയ മരം ഡ്രൈവറുടെ ജീവനെടുത്തു; 80 എംപിഎച്ച് കാറ്റില്‍ വിമാനം ഇറക്കാന്‍ പാടുപെട്ട് പൈലറ്റുമാര്‍; ബ്രിട്ടനില്‍ കൂട്ടക്കുഴപ്പമെന്ന് മെറ്റ് ഓഫീസ്

വീടുകളും, കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ പെട്ട് നാശമാകാനുള്ള സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്

ബ്രിട്ടന്റെ ആഴ്ചാവസാനം താറുമാറാക്കാന്‍ എറിക് കൊടുങ്കാറ്റ് പണിയെടുക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.  കൊടുങ്കാറ്റ് ജീവന് ഭീഷണി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുകള്‍ ശരിവെച്ച് കൊണ്ട് വെള്ളിയാഴ്ച രണ്ട് പേരുടെ ജീവന്‍ നഷ്ടമായി. കനത്ത മഴയും, ശക്തമായ കാറ്റും രാജ്യത്തെ ഉടനീളം ബാധിക്കുന്നത് തുടരുകയാണ്. വെസ്റ്റ് വെയില്‍സില്‍ ലാനോണിനും, പോണ്ടിബെറെമിനും ഇടയില്‍ ബി4306-ല്‍ രാവിലെ 10 മണിക്ക് ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. കനത്ത കാറ്റില്‍ വലിയൊരു മരം റോഡിലേക്ക് വീഴുകയും അതുവഴി വന്ന വാനില്‍ സഞ്ചരിച്ച വ്യക്തി കൊല്ലപ്പെടുകയുമായിരുന്നു. 

മറ്റൊരു സംഭവത്തില്‍ ടണ്‍ കണക്കിന് ഭാരമുള്ള ഒരു വന്‍ വൃക്ഷമാണ് ഒരാളുടെ ജീവനെടുത്തത്. ഡിവോണിലെ ബക്ഫാസ്റ്റ്‌ലെയില്‍ രാവിലെ 5.30നാണ് സംഭവം. പറന്നുവന്ന മരം ഒരു ആല്‍ഫാ റോമിയോ തകര്‍ത്തതോടെ ഇതില്‍ സഞ്ചരിച്ച 50 വയസ്സുകാരനും മരിച്ചു. ഡിവോണ്‍ ടോട്‌നെസില്‍ നിന്നുമുള്ള ഡ്രൈവര്‍ക്ക് കനത്ത പരുക്കുകളാണ് ഏറ്റത്. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു ഹ്യുണ്ടായില്‍ സഞ്ചരിച്ച വനിതാ ഡ്രൈവര്‍ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വീക്കെന്‍ഡില്‍ സ്ഥിതി ഒട്ടും ആശാവഹമല്ലെന്നാണ് സൂചന. വീടുകളും, കെട്ടിടങ്ങളും വെള്ളപ്പൊക്കത്തില്‍ പെട്ട് നാശമാകാനുള്ള സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. കൊടുങ്കാറ്റില്‍ വാഹനങ്ങളുടെ യാത്രയും ദുഷ്‌കരമാകും. പ്രത്യേകിച്ച് കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ശനിയാഴ്ച ശക്തമായ വെസ്റ്റേര്‍ലി കാറ്റ് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇതിന്റെ വേഗത മണിക്കൂറില്‍ 70 മൈല്‍ വരെയാകാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ഈ കാലാവസ്ഥ മൂലം പവര്‍ കട്ടും പ്രതീക്ഷിക്കാം. തീരപ്രദേശങ്ങളില്‍ തിരമാല ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണം. 

എറിക് കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിച്ചതോടെ വിമാന സര്‍വ്വീസുകള്‍ ആശങ്കയിലാണ്. ഹീത്രൂവില്‍ ബ്രിട്ടീഷ് എയര്‍വേസ് വിമാനം ലാന്‍ഡിംഗ് റദ്ദാക്കി പറന്നുയരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡോര്‍സെറ്റില്‍ ഒരു ഡബിള്‍ ഡെക്കര്‍ ബസിന് മുകളിലേക്ക് മരം ഇടിച്ചുകയറിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ടോപ്പ് ഡെക്കില്‍ ആരും ആ സമയത്ത് ഇരിക്കാത്തതാണ് ഭാഗ്യമായത്.




കൂടുതല്‍വാര്‍ത്തകള്‍.