കാലം ഏറെ പുരോഗമിച്ചു. കള്ളന്‍മാരും അതുപോലെ തന്നെ പുരോഗമിച്ച് വരികയാണ്. ടെക്‌നോളജിയെ ആസ്പദമാക്കി ജീവിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെ മോഷ്ടാക്കളും ആ വഴിക്ക് തന്നെയാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍ അകലെ സ്വരുക്കൂട്ടിയ സമ്പാദ്യവും വേണമെങ്കില്‍ സ്വകാര്യത പോലും മറുഭാഗത്തുള്ളവര്‍ ചോര്‍ത്തിക്കൊണ്ടുപോകും. യുകെ മലയാളികളും നഴ്‌സിംഗ് ദമ്പതികളുമായ തങ്ങള്‍ക്ക് ലഭിച്ച ഇത്തരം ഒരു ഫോണ്‍ കോളിന്റെ കഥയാണ് നഴ്‌സും സാമൂഹ്യപ്രവര്‍ത്തകനുമായ ദേവലാല്‍ സഹദേവന്‍ ഫേസ്ബുക്ക് വഴി പങ്കുവെയ്ക്കുന്നത്.
ദേവലാല്‍ ബോര്‍ഡര്‍ പോലീസിന്റെ പിടിയിലായെന്ന് പറഞ്ഞാണ് നഴ്‌സ് കൂടിയായ ഭാര്യക്ക് ഒരു നോ കോളര്‍ ഐഡി നമ്പറില്‍ നിന്നും ഫോണ്‍ ലഭിച്ചത്. ബോര്‍ഡര്‍ സെക്യൂരിറ്റി അധികൃതര്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നാണ് ഫോണില്‍ സംസാരിച്ച ആള്‍ അറിയിച്ചത്. ദേവലാലിന്റെ നമ്പറില്‍ നിന്ന് തന്നെയാണ് വിളിക്കുന്നതെന്ന് പറഞ്ഞെങ്കിലും നോ നമ്പര്‍ ആണെന്ന് പറഞ്ഞതോടെ വിളിച്ച ആള്‍ കുഴങ്ങി. ഫോണ്‍ കട്ട് ചെയ്ത് ജോലിക്ക് പോയ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുമ്പോള്‍ 'ദേവലാല്‍' എന്ന പേരില്‍ നിന്നും വീണ്ടും കോള്‍ വന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ദേവലാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഫോണ്‍ കോള്‍ സംഭാഷണം ഇപ്രകാരമാണ്:
ഭാര്യ: ഹലോ
ഫോണ്‍ കോളര്‍: മാഡം നിങ്ങളുടെ ഭര്‍ത്താവിനെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്‌തെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കാനാണ് വിളിച്ചത്. നിങ്ങളുടെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നും സൗദി അറേബ്യയിലേക്ക് വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തതാണ് കാരണം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി സംസാരിച്ചാല്‍ ഭര്‍ത്താവിന് ജാമ്യം ലഭിക്കുന്ന വിവരങ്ങള്‍ ലഭിക്കും. ഭര്‍ത്താവ് നിങ്ങളെ നോമിനേറ്റ് ചെയ്തതിനാല്‍ ഈ വിവരം മറ്റാരുമായും പങ്കുവെയ്ക്കരുത്.
(വിവരങ്ങള്‍ കേട്ട് ഞെട്ടിയ ഭാര്യ ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചു)
ഭാര്യ: ഭര്‍ത്താവ് ജോലിക്ക് പോയതാണ്. നിങ്ങള്‍ക്ക് ആളുമാറിയതാകാം.
കോളര്‍: രാവിലെ വൈകിയാണ് അറസ്റ്റ് നടന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് ഫോണ്‍ കൈമാറാം. പേനയും പേപ്പറും എടുത്ത് കേസ് നമ്പര്‍ സിഡബ്യു 6300241 എന്ന് കുറിച്ച് വെയ്ക്കൂ. മറ്റ് നിയമപരമായ കാര്യങ്ങള്‍ക്ക് ഇത് ആവശ്യമാണ്.
ഭാര്യ: ഇതൊന്നും ഉൾകൊള്ളാൻ കഴിയുന്നില്ല. ഇതിലെന്തോ കുഴപ്പമുണ്ട്
കോളര്‍: ഇത് നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് തന്നെയുള്ള കോളല്ലേ?
ഭാര്യ: അല്ല, നോ കോളര്‍ ഐഡിയാണ്
ബോര്‍ഡര്‍ സെക്യൂരിറ്റി: അല്ലേ?....
ഭാര്യ: സംസാരം അവസാനിപ്പിക്കുകയാണ്.
ഈ ഫോണ്‍ സംഭാഷണത്തിന് ശേഷം ഉടന്‍ ഭാര്യ ദേവലാലിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഡ്യൂട്ടിയിലാണ്. ഈ സമയത്ത് വീണ്ടും ഒരു ഫോണ്‍ കോള്‍ ഇവരുടെ ഫോണിലേക്ക് വന്നു 'ദേവലാല്‍ കോളിംഗ്' എന്നാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. ഇതേക്കുറിച്ച് പരിശോധിച്ചപ്പോള്‍ ദേവലാലിന്റെ കൈവശമുള്ള ഫോണില്‍ നിന്നാണ് ആ 'വിളിക്കാത്ത' കോള്‍ വന്നതെന്നും കണ്ടെത്തി. ഫോണ്‍ സംഭാഷണം കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ കാര്യങ്ങള്‍ ചോദിക്കാന്‍ കാണിച്ച ധൈര്യമാണ് ഇവരെ യഥാര്‍ത്ഥത്തില്‍ രക്ഷിച്ചത്. പണത്തിന്റെ പ്രശ്‌നമായതിനാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ളവ കൈക്കലാക്കിയെങ്കില്‍ കാര്യം കുഴപ്പമാകുമായിരുന്നു.
സംഭവം ഒരു വ്യാജ ഫോണ്‍ കോള്‍ തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്. പണം തട്ടല്‍ തന്നെയാകാം ഇവരുടെ ലക്ഷ്യം. മറ്റുള്ളവര്‍ ജാഗ്രത പാലിക്കാനാണ് ദേവലാല്‍ ഈ സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ സമാനമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുള്ളതായാണ് ഇതിനുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഫോണില്‍ ഇത്തരം സംശയാസ്പദമായ കോളുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണം.