
















ജനങ്ങളില്‍ നിന്നും പരമാവധി കൗണ്‍സില്‍ ടാക്‌സുകള്‍ പിരിച്ചെടുക്കാന്‍ ബ്രിട്ടനിലെ അഞ്ചില്‍ നാല് ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ കൗണ്‍സില്‍ ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ പരമാവധി സാമ്പത്തിക നേട്ടം കൈവരിക്കാനാണ് ഭൂരിഭാഗം കൗണ്‍സിലുകളുടെയും തീരുമാനം.
4.99 ശതമാനം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവാണ് സാധാരണ സാഹചര്യങ്ങളില്‍ പരമാവധി അനുവദിക്കുന്ന വര്‍ദ്ധന. ഇതില്‍ കൂടുതല്‍ വര്‍ദ്ധനയ്ക്ക് കൗണ്‍സിലുകള്‍ ലോക്കല്‍ ഹിതപരിശോധന നടത്തണം. ഇതില്‍ തന്നെ 2.99 ശതമാനം പൊതുചെലവിനും, 2 ശതമാനം അഡല്‍റ്റ് സോഷ്യല്‍ കെയറിനുമായാണ് വകയിരുത്തിയിട്ടുള്ളത്.
ഇംഗ്ലണ്ടിലെ 153 ടോപ്പ്-ടിയര്‍ ലോക്കല്‍ അതോറിറ്റികളില്‍ 118 ഇടത്തും 4.99 ശതമാനം വര്‍ദ്ധനവാണ് 2026/27 വര്‍ഷത്തേക്ക് കാത്തുവെച്ചിരിക്കുന്നത്. അഞ്ചിലൊന്നില്‍ താഴെ കൗണ്‍സിലുകള്‍ മാത്രമാണ് 4.99 ശതമാനത്തില്‍ താഴെയാകും വര്‍ദ്ധന നടപ്പിലാക്കുക.
അതേസമയം ഏഴ് അതോറിറ്റികള്‍ക്ക് 4.99ന് മുകളില്‍ കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ചില കുടുംബങ്ങള്‍ക്ക് അടുത്ത മാസം 9 ശതമാനം ടാക്‌സ് വര്‍ദ്ധനവാണ് നേരിടേണ്ടി വരിക.
നോര്‍ത്ത് സോമര്‍സെറ്റ്, ഷ്രോപ്ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ 8.99 ശതമാനം വര്‍ദ്ധനയ്ക്കാണ് ഗവണ്‍മെന്റ് അനുമതി. ട്രാഫോര്‍ഡ്, വാറിംഗ്ടണ്‍, വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് എന്നിവിടങ്ങലില്‍ 7.49 ശതമാനം വര്‍ദ്ധനയ്ക്കാണ് അനുമതി. ബോണ്‍മൗത്ത്, ക്രൈസ്റ്റ്ചര്‍ച്ച് & പൂള്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ 6.74 ശതമാനം വര്‍ദ്ധനവും വരും.