
















എപ്സ്റ്റീന്‍ ബന്ധത്തില്‍ നാണംകെട്ട പീറ്റര്‍ മണ്ടേല്‍സന് അര്‍ഹതയുള്ളതിന്റെ ഇരട്ടി പണം നല്‍കിയതായി വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ ചോദ്യങ്ങളുമായി ടോറി നേതാവ് കെമി ബാഡെനോക്. എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തായതോടെയാണ് യുഎസ് അംബാസിഡര്‍ പദവിയില്‍ നിന്നും മണ്ടേല്‍സനെ പുറത്താക്കിയത്.
എന്നാല്‍ ഈ പുറത്താക്കലിന് വമ്പന്‍ പ്രതിഫലമാണ് ലേബര്‍ നേതാവിന് ഡൗണിംഗ് സ്ട്രീറ്റ് അനുവദിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. 75,000 പൗണ്ട് മൂല്യമുള്ള സ്‌പെഷ്യല്‍ വിടവാങ്ങല്‍ പാക്കേജാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചത്. മണ്ടേല്‍സന് ലഭിക്കേണ്ട തുകയുടെ ഇരട്ടിയാണ് ഇത്.
അതേസമയം മണ്ടേല്‍സണ്‍ ആവശ്യപ്പെട്ട 547,000 പൗണ്ടിലും ഏറെ താഴെയാണ് ഇതെന്നത് മാത്രമാണ് ആശ്വാസമെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നു. തന്റെ പ്രതിച്ഛായ ആകെ മോശമായതോടെ ഈ രാജി ഭാവിയിലെ എല്ലാ തൊഴില്‍ സാധ്യതകളും നശിപ്പിക്കുമെന്നാണ് ഇയാളുടെ അഭിഭാഷകര്‍ വന്‍തുക ലഭിക്കാനായി വാദിച്ചിരുന്നത്.
യുഎസ് അംബാസിഡറായി നിയോഗിക്കുന്നതിന് മുന്‍പ് തന്നെ എപ്സ്റ്റീനുമായുള്ള മണ്ടേല്‍സന്റെ സൗഹൃദത്തെ കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്ന് പാര്‍ലമെന്റില്‍ വെച്ച രേഖകള്‍ വെളിപ്പെടുത്തി. ഇതോടെ ലേബര്‍ എംപിമാര്‍ തന്നെ തങ്ങളുടെ നേതാവിനെ പുറത്താക്കണമെന്ന് ടോറി നേതാവ് കെമി ബാഡെനോക് ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ ആവശ്യമായ തോതില്‍ കണ്‍സര്‍വേറ്റീവ് എംപിമാരില്ല. ഇവര്‍ ഏകപക്ഷീയ വിജയം നേടിയതാണ്. എന്നാല്‍ ഇനി ലേബര്‍ എംപിമാര്‍ സ്വന്തം മനഃസാക്ഷിയോട് ആ ചോദ്യം ഉന്നയിക്കണം. ഇയാളെ പോലൊരാള്‍ രാജ്യത്തെ നടത്തിക്കൊണ്ട് പോകണോയെന്ന് ചിന്തിക്കണം', ടോറി നേതാവ് വ്യക്തമാക്കി.