ഇനി കാത്തിരുന്ന് സമയം കളഞ്ഞിട്ട് കാര്യമില്ല. ഒരു വരവ് കൂടി വരും, നടന്നാല്‍ നടന്നു, ഇല്ലെങ്കില്‍ രാജി തന്നെ ശരണം. പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനമാണ് ഇത്. ഇനി എന്തിനാണ് വരുന്നതെന്നാണ് സംശയമെങ്കില്‍, പഴയ ബ്രക്‌സിറ്റ് കരാര്‍ തന്നെ വിഷയം. നാലാം തവണയും തന്റെ കരാറുമായി പാര്‍ലമെന്റില്‍ എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലേബര്‍ പാര്‍ട്ടിയുടെ കൂടി പിന്തുണയോടെ സംഗതി പാസായാല്‍ സന്തോഷമെന്നും, പരാജയപ്പെടുന്ന പക്ഷം താന്‍ പ്രധാനമന്ത്രി പദം വിട്ടൊഴിയുമെന്നുമാണ് തെരേസ മേയുടെ നിലപാട്.
ക്യാബിനറ്റില്‍ നിന്നും സമ്മര്‍ദം ഏറിയതോടെയാണ് വീണ്ടും ബ്രക്‌സിറ്റ് നീക്കങ്ങള്‍ മേയ് സജീവമാക്കുന്നത്. ജൂണ്‍ 3ന് തുടങ്ങുന്ന ആഴ്ചയില്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ നിയമമാക്കാന്‍ ശ്രമിക്കും. ലേബര്‍ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നാലും, ഇല്ലെങ്കിലും ഇതിന് ശ്രമിക്കും. നാലാം തവണയെങ്കിലും താന്‍ നേടിയെടുത്ത കരാര്‍ പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മേയ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുകെയില്‍ മൂന്ന് ദിവസത്തെ ദേശീയ സന്ദര്‍ശനത്തിന് എത്തുന്ന അതേ ആഴ്ചയിലാണ് ബ്രക്‌സിറ്റ് ചൂടുപിടിക്കുന്നത്.
മെയ് 23ന് യൂറോപ്യന്‍ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യവും സവിശേഷമാണ്. ബ്രക്‌സിറ്റ് വൈകിപ്പിക്കല്‍ മൂലം ടോറികള്‍ക്ക് വോട്ടര്‍മാരില്‍ നിന്നും തിരിച്ചടി നേരിടുമെന്നാണ് കണക്കുകൂട്ടല്‍. തെരേസ മേയ് നം.10 വിട്ടിറങ്ങാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ അവരെ പിന്തുണയ്ക്കുന്നവര്‍ തള്ളുന്നുണ്ട്. എന്നിരുന്നാലും നാലാം വട്ടവും പാര്‍ലമെന്റ് കൈവിട്ടാല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. സമയപരിധി നീട്ടിക്കിട്ടിയതോടെ ഒക്ടോബര്‍ 31-നാണ് ഇയു ഉപേക്ഷിക്കാനുള്ള അടുത്ത തീയതി. ഇതിനകം കരാര്‍ പാസാക്കാത്ത പക്ഷം യൂറോപ്യന്‍ നേതാക്കള്‍ മേയെ പൊളിച്ചടുക്കും.
ജൂലൈയില്‍ സഭ പിരിയുന്നതിന് മുന്‍പ് കരാര്‍ പാസാക്കാന്‍ ശ്രമിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലെ വഴി. ഇതിന് ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കാന്‍ കാത്തിരിക്കാനും കഴിയില്ല.