പത്ത് മാസം മുന്‍പ് വിവാഹിതനാകുമ്പോള്‍ ബ്രിട്ടനില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാമെന്നായിരുന്നു ഇന്ത്യക്കാരനായ നദീമുദീന്‍ ഹമീദ് മുഹമ്മദിന്റെ മോഹം. ഡോക്ടര്‍ കൂടിയായ ഭാര്യ ബ്രിട്ടനിലേക്ക് എത്തുകയും ചെയ്തിരുന്നു. കുടുംബത്തില്‍ ഒരു പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് അവരെ ദുരന്തം തേടിയെത്തിയത്. ബ്രിട്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജറായ മുഹമ്മദ് സ്ലോയിലുണ്ടായ കത്തി അക്രമണത്തിലാണ് കൊലപ്പെട്ടത്. സംഭവത്തില്‍ 26-കാരനായ അഖ്വിബ് പര്‍വേസാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി.
പൗണ്ട്‌ലാന്‍ഡ് അസിസ്റ്റന്റ് മാനേജറായിരുന്ന ഹമീദ് മുഹമ്മദ് നെഞ്ചില്‍ കുത്തേറ്റാണ് മരിച്ചത്. സ്ലോയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് അവിചാരിതമായി മരണം തേടിയെത്തിയത്. പത്ത് മാസം മുന്‍പായിരുന്നു ഡോ. അഫ്‌സയെ ഇദ്ദേഹം വിവാഹം ചെയ്തത്. മെയ് 8ന് നടന്ന അക്രമത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് മരണത്തിന് കീഴടങ്ങി.
24-ാം വയസ്സിലാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദിന്റെ മരണം. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ഇപ്പോഴും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. ഇവര്‍ക്കും, ജനിക്കാനിരിക്കുന്ന കുഞ്ഞിനുമായി 30,000 പൗണ്ട് സ്വരൂപിക്കാന്‍ അഭ്യദയകാംക്ഷികള്‍ ഫണ്ട് റെയ്‌സിംഗ് ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം കൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ കഴിയില്ലെങ്കിലും കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പേജ് പറയുന്നത്.
മുഹമ്മദിന്റെ കൊലപാതകത്തില്‍ 26-കാരനായ അഖ്വിബ് അറസ്റ്റിലായതായി തെയിംസ് വാലി പോലീസ് സ്ഥിരീകരിച്ചു. ഇയാളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.