ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും തമ്മില്‍ നടന്ന വിവാഹത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. വിവാഹത്തിലെ ഔദ്യോഗിക ഫോട്ടോഗ്രാഫറുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് ചിത്രങ്ങള്‍ ചോര്‍ന്നത്. അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ അലക്‌സി ലുബോമിര്‍സ്‌കി പകര്‍ത്തിയ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ വിന്‍ഡ്‌സര്‍ കാസിലില്‍ ആയിരുന്നു വിവാഹം.
സംഭവം കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ അങ്കലാപ്പ് പടര്‍ത്തി. ചിത്രങ്ങള്‍ കൂടുതലായി പ്രസിദ്ധീകരിക്കുന്നത് തടയാന്‍ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടായതോടെയാണ് ചിത്രങ്ങള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതെന്ന് ശ്രോതസ്സുകളെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രീവ്യൂ എന്നു രേഖപ്പെടുത്തിയ ബ്ലാക് & വൈറ്റ് ചിത്രങ്ങളും ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇടംനേടി.
ഫാഷന്‍, സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ലുബോമിര്‍സ്‌കി പകര്‍ത്തിയ ചിത്രങ്ങളാണ് ചോര്‍ന്നത്. നതാലി പോര്‍ട്ട്മാന്‍, ജെന്നിഫര്‍ ലോപ്പസ്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ഫോട്ടോഗ്രാഫറാണ് ഈ ന്യൂയോര്‍ക്ക് സ്വദേശി. ഇദ്ദേഹത്തിന്റെ നൂറുകണക്കിന് ചിത്രങ്ങളാണ് ഹാക്കര്‍മാര്‍ കവര്‍ന്നത്. ഇതില്‍ ഏതാനും ചിത്രങ്ങള്‍ ഹാരി-മെഗാന്‍ വിവാഹത്തിന്റേതായിരുന്നു, 2017 ഡിസംബറില്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും ഇദ്ദേഹമാണ് പകര്‍ത്തിയത്.
വിവാഹത്തില്‍ നിന്നുമുള്ള മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടത്. മകന്‍ ആര്‍ച്ചി പിറന്ന ശേഷം ലണ്ടനില്‍ ആദ്യ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് മെഗാന്‍. ഇതിനിടെയാണ് ചിത്രങ്ങള്‍ ചോര്‍ന്നത്.