പലരും ജോലി ചെയ്യുന്നത് സ്വന്തം വീടിന്റെ പണിതീര്‍ക്കാനാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം കൊണ്ട് ഒരു കൊട്ടാരം ഉണ്ടാക്കിവെയ്ക്കാനുള്ള തിരക്ക് കാണിക്കുന്ന നിരവധി ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിനായി ഏത് രീതിയിലും അധ്വാനിക്കാനും നമ്മള്‍ റെഡി! എന്നാല്‍ വീടിന്റെ എക്സ്റ്റന്‍ഷന്‍ പണികള്‍ക്കുള്ള പണം കണ്ടെത്താനുള്ള എന്‍എച്ച്എസ് ഡോക്ടറുടെ അധ്വാനത്തിന് ആരും കൈയടിച്ചില്ല. പകരം രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയതിന് സസ്‌പെന്‍ഷന്‍ സമ്മാനിച്ചാണ് അദ്ദേഹത്തെ വീട്ടില്‍ ഇരുത്തിയത്.
47-കാരനായ ഡോ. ബേവന്‍ ഹൈഡറാണ് 24 മണിക്കൂര്‍ അടുപ്പിച്ച് ജോലിക്ക് കയറിയെന്ന കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടത്. അഞ്ച് തവണയെങ്കിലും ഡോക്ടര്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍ തുടര്‍ച്ചയായി കയറിയെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഫിറ്റ്‌നസ് ശ്രദ്ധിച്ചിരുന്ന ഡോ. ബേവന് ഇതുമൂലം യാതൊരു പ്രയാസവും ഉണ്ടായില്ലെന്നാണ് വാദം. എന്നാല്‍ ഇതിന് പുറമെ ഷിഫ്റ്റില്‍ നിന്നും അനുവാദം കൂടാതെ നേരത്തെ ഇറങ്ങുന്ന ഡോക്ടര്‍ ഒരു ലോക്കല്‍ ഏജന്‍സി വഴി ഫ്രീലാന്‍സ് ജോലിക്കായി മറ്റ് ആശുപത്രികളിലേക്ക് യാത്ര ചെയ്തിരുന്നെന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ഈ പെരുമാറ്റം രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് സംഭവം മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ മുന്‍പാകെ എത്തുന്നത്. ഗുരുതര അച്ചടക്കലംഘനം കണ്ടെത്തിയതോടെ നാല് മാസത്തെ സസ്‌പെന്‍ഷനാണ് ഡോ. ബേവന് സമ്മാനിച്ചത്. ഇതിന് ശേഷം പ്രാക്ടീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ മൂലം രോഗികള്‍ക്ക് അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും അത് സുരക്ഷാ ഭീഷണി ഉയര്‍ത്തിയെന്ന് ജിഎംസി ബാരിസ്റ്റര്‍ കാതറീന്‍ ട്രിബ്യൂണലില്‍ പറഞ്ഞു.
എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ബേവന്‍ ഹൈഡര്‍ 2013-ലാണ് ക്രോളി ഹോസ്പിറ്റലില്‍ ജോലിക്ക് കയറുന്നത്. ആഴ്ചയില്‍ മൂന്ന് 12 മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ട ഡോക്ടര്‍ സഹജീവനക്കാരെ പോലും അറിയിക്കാതെ വെസ്റ്റ് സസെക്‌സ് ആശുപത്രിയില്‍ നിന്ന് ഒന്നേമുക്കാല്‍ മണിക്കൂര്‍ മുന്‍പ് വരെ സ്ഥലംവിട്ടതായി ജിഎംസി പറയുന്നു. സൗത്ത് ലണ്ടന്‍ എല്‍താമിലെ വീടിന് എക്സ്റ്റന്‍ഷന്‍ നടത്താന്‍ പണം വേണ്ടിയിരുന്നത് മൂലമായിരുന്നു ഡോക്ടറുടെ നെട്ടോട്ടം.