നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ചരിത്രം തിരുത്തിക്കുറിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ട്. സ്വവര്‍ഗ്ഗ വിവാഹങ്ങളും, അബോര്‍ഷനും നാട്ടില്‍ നിയമപരമാക്കാനാണ് എംപിമാര്‍ വോട്ട് ചെയ്തത്. ഒക്ടോബര്‍ 21-നുള്ളില്‍ യുകെയിലെ മറ്റിടങ്ങളിലെ നിയമങ്ങളുമായി ഒത്തുചേരുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റാനാണ് കോമണ്‍സില്‍ 73-നെതിരെ 383 വോട്ടുകള്‍ക്ക് വിജയം നേടിയത്. സ്‌റ്റോര്‍മോണ്ട് തിരിച്ചെത്തി മറ്റൊരു രീതിയില്‍ തീരുമാനിക്കുന്നില്ലെങ്കില്‍ ഇത് നടപ്പാകും.
അബോര്‍ഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്താനുള്ള നീക്കങ്ങള്‍ 99-നെതിരെ 352 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഗവണ്‍മെന്റ് ബില്‍ ഹൈജാക്ക് ചെയ്ത് കൊണ്ടാണ് എംപിമാര്‍ നാടകീയ മാറ്റങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആവിഷ്‌കരിച്ചത്. വെസ്റ്റ്മിന്‍സ്റ്ററിലെ താല്‍പര്യങ്ങളാണ് വഴിവിട്ട രീതിയില്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഡിയുപി ആരോപിക്കുന്നു. ലേബര്‍ എംപി കോണര്‍ മക്ഗിന്‍ മുന്നോട്ട് വെച്ച ഭേദഗതി വിജയിച്ചതോടെ സ്വവര്‍ഗ്ഗ വിവാഹം ഒക്ടോബര്‍ 21-നുള്ളില്‍ നിയമപരമാക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാണ്. ഇതിന് മുന്‍പ് പുതിയ സ്റ്റോര്‍മോണ്ട് എക്‌സിക്യൂട്ടീവ് ചേര്‍ന്ന് തടയുക മാത്രമാണ് മറിച്ചുള്ള പോംഴി.
2014 മുതല്‍ യുകെയില്‍ മറ്റ് ഭാഗങ്ങളില്‍ ഇത് നിയമമായപ്പോഴും നോര്‍ത്തേണ്‍ അയര്‍ലണ്ട് ഇവയോട് മുഖം തിരിച്ച് നിന്നു. രാജ്യത്ത് ഭൂരിഭാഗം രീതിയിലുള്ള അബോര്‍ഷനുകളും നിയമവിരുദ്ധമാണ്. സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്നാണ് ലേബര്‍ ബാക്ക്‌ബെഞ്ചര്‍ സ്‌റ്റെല്ലാ ക്രീസി മുന്നോട്ട് വെച്ച ആവശ്യം. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായി ഈ മാറ്റം വേണമെന്ന് സ്‌റ്റെല്ല വാദിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നിയമം മാറ്റാനാണ് മന്ത്രിമാര്‍ക്ക് മുന്നിലുള്ള വഴി.
അതേസമയം വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടതെന്നാണ് ഡിയുപിയും, മതനേതാക്കളും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സ്വവര്‍ഗ്ഗ വിവാഹങ്ങളെ ഇവര്‍ നഖശിഖാന്തം എതിര്‍ക്കും.