24 മണിക്കൂറിനിടെ രണ്ട് സുപ്രധാന നേട്ടങ്ങള്‍. 23-കാരി ഭാഷാ മുഖര്‍ജിയെ തേടിയെത്തിയത് അത്തരമൊരു ഡബിള്‍ നേട്ടമാണ്. മിസ് ഇംഗ്ലണ്ടിന്റെ സൗന്ദര്യ കിരീടം തലയിലേറ്റ് വാങ്ങുക, തൊട്ടുപിന്നാലെ ജനിയര്‍ ഡോക്ടറായി ചുമതലയേല്‍ക്കുക. ഇതിലും മികച്ച സന്തോഷം വേറെ എന്തുണ്ട്! ജോലിയില്‍ ഒരാഴ്ച പൂര്‍ത്തിയാക്കിയ ശേഷം തന്റെ അധ്വാനം വിളിച്ചോതുന്ന ഫോട്ടോഷൂട്ടാണ് ഡെര്‍ബി സ്വദേശിനി പുറത്തുവിട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന മിസ് ഇംഗ്ലണ്ട് സൗന്ദര്യ മത്സരത്തില്‍ ജേതാവായ ശേഷം ജാഡകളില്ലാതെ ട്രെയിന്‍ പിടിച്ച് എത്തിയാണ് ഭാഷാ മുഖര്‍ജി ലിങ്കണ്‍ഷയര്‍ ബോസ്റ്റണിലെ പില്‍ഗ്രിം ഹോസ്പിറ്റലില്‍ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടറായി ജോലിക്ക് കയറിയത്. ഏറെ സന്തോഷത്തോടെയാണ് സൗന്ദര്യ കിരീടം അഴിച്ചുവെച്ച് ഡോക്ടറുടെ യൂണിഫോം എടുത്തണിഞ്ഞത്.
146 ഐക്യു സ്‌കോറും, അഞ്ച് ഭാഷകളും സംസാരിക്കുന്ന സൗന്ദര്യ റാണി ഈ ആഴ്ച രോഗികളെ ഔദ്യോഗികമായി ചികിത്സിക്കാനും തുടങ്ങി. രോഗികളും, സഹജീവനക്കാരും തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഭാഷ വിനയത്തോടെ സമ്മതിക്കുന്നു. ഇന്ത്യയില്‍ ജനിച്ച് ഡെര്‍ബിയില്‍ താമസിക്കുന്ന ഭാഷ ഒന്‍പതാം വയസ്സിലാണ് യുകെയിലെത്തിയത്.
എന്‍എച്ച്എസില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ ശ്രദ്ധിക്കാന്‍ എത്രത്തോളം പാടുപെടുന്നുവെന്ന് ഒരാഴ്ച കൊണ്ട് മനസ്സിലായെന്ന് ഭാഷ പറയുന്നു. രണ്ട് ജോലിയിലൂടെയും മുന്നോട്ട് പോകാനാണ് ഭാഷയുടെ തീരുമാനം.