
















ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ടെര്‍മിനലി 3 അഡല്‍റ്റ്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ സംബന്ധിച്ച് വലിയ ആശങ്കകളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ആശങ്കകളിലൊന്നും കഴമ്പില്ലെന്ന നിലയിലാണ് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വാദങ്ങള്‍ ഉന്നയിച്ച് പോന്നിരുന്നത്. ഇപ്പോള്‍ വിഷയത്തില്‍ എംപിമാരുടെ പാനല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി പുലര്‍ത്തിയ 'നിശബ്ദത' ഈ ആശങ്കകള്‍ക്ക് എണ്ണപകരുകയാണ്.
ഇംഗ്ലണ്ടിലും, വെയില്‍സിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദയാവധം 'സുരക്ഷിതമായിരിക്കുമോ' എന്ന ചോദ്യത്തിനായിരുന്നു വെസ് സ്ട്രീറ്റിംഗ് ഏറെ നേരം നിശബ്ദനായി പോയത്. വിവാദമായ ബില്‍ ആളുകള്‍ക്ക് ദോഷമായി ഭവിക്കുമോയെന്നായിരുന്നു എംപിമാരുടെ പാനല്‍ സംശയം ഉന്നയിച്ചത്.
ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം വെസ് സ്ട്രീറ്റിംഗ് പറഞ്ഞ വാക്കുകള്‍ വിമര്‍ശകര്‍ക്ക് ആയുധം കൈമാറുന്നതുമായി. ഉയര്‍ന്ന മേന്മയുള്ള പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഇല്ലാതെ വന്നാല്‍ ചില ആളുകള്‍ മരണം വരിക്കാന്‍ നിര്‍ബന്ധിതമായി മാറുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ചിരിക്കുന്നത്.
സഭയുടെ പരിഗണനയിലുള്ള ബില്‍ പാസായാല്‍ ആറ് മാസത്തില്‍ താഴെ ആയുസ്സുള്ളവര്‍ക്ക് ദയാവധം തെരഞ്ഞെടുക്കാം. രണ്ട് ഡോക്ടര്‍മാരും, സോഷ്യല്‍ വര്‍ക്കര്‍, മുതിര്‍ന്ന നിയമവിദഗ്ധന്‍, സൈക്യാട്രിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ അപേക്ഷ പരിശോധിച്ച് അംഗീകാരം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഓരോ മേഖലയിലും പാലിയേറ്റീവ് കെയര്‍ ലഭ്യമാകുന്നത് അനുസരിച്ചാകും ഇത് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റി മുന്‍പാകെ സ്ട്രീറ്റിംഗ് സമ്മതിച്ചിരിക്കുന്നത്.