ബ്രക്‌സിറ്റ് നടപ്പാക്കിയെടുക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്താലും പ്രശ്‌നമില്ലെന്ന് ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷ് ജനസമൂഹം. ബ്രക്‌സിറ്റ് ഏതുവിധേനയും പ്രധാനമന്ത്രിക്ക് നടപ്പാക്കാമെന്നാണ് കോംറെസ് പോളില്‍ പൊതുജനം വിധിയെഴുതിയത്. ഇത് തടയാന്‍ ശ്രമിക്കുന്ന എംപിമാരെ പ്രതിരോധിക്കാന്‍ വേണ്ടിവന്നാല്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്താലും കുഴപ്പമില്ലെന്നാണ് 54% പേരുടെയും ചിന്ത.
രാഷ്ട്രീയ രംഗത്തെ ചിന്താഗതികള്‍ ജനങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് പോളില്‍ 88% പേര്‍ രേഖപ്പെടുത്തി. പൊതുജനങ്ങളുടെ മനസ്സ് എന്താണെന്ന് മനസ്സിലാക്കാതെയാണ് രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനമെന്ന് ഇവര്‍ പറയുന്നു. ബ്രക്‌സിറ്റില്‍ വോട്ടര്‍മാരുടെ ആഗ്രഹങ്ങള്‍ അവഗണിച്ച് സ്വന്തം അജണ്ടയുമായി മുന്നോട്ട് പോകാനാണ് എംപിമാരുടെ ശ്രമമെന്ന് 89% പേര്‍ ആരോപിക്കുന്നു.
പാര്‍ലമെന്റാണോ, ബോറിസാണോ ജനങ്ങളുടെ ചിന്തക്കൊപ്പം നില്‍ക്കുന്നതെന്ന ചോദ്യത്തിന് പ്രധാനമന്ത്രിക്കൊപ്പമാണ് ഭൂരിപക്ഷവും നിലയുറപ്പിച്ചത്. ടെലിഗ്രാഫ് നടത്തിയ സര്‍വ്വെ ബോറിസ് ജോണ്‍സന് ശക്തി പകരുന്നതാണ്. ഒക്ടോബര്‍ 31-നുള്ളില്‍ കരാര്‍ ഇല്ലാതെയാണെങ്കില്‍ പോലും യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഈ നീക്കം തടയാന്‍ എംപിമാര്‍ ശ്രമിച്ചാല്‍ പാര്‍ലമെന്റ് തന്നെ ഇല്ലാതാക്കാനും മടിക്കില്ലെന്നതാണ് ബോറിസ് പറയുന്നത്.
പ്രതീക്ഷകളെ മറികടന്നുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നതാണ് ബോറിസിന് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് നിഗമനം.