CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 16 Minutes 35 Seconds Ago
Breaking Now

കശ്മീര്‍ ഇന്ത്യയുടെ കാര്യം; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് ബോറിസ് ജോണ്‍സണ്‍; നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സ്; പക്ഷം പറയാന്‍ ആളെ കിട്ടാതെ വിയര്‍ത്ത് പാകിസ്ഥാന്‍

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ സ്വാതന്ത്രദിനം ആഘോഷിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്മീര്‍ എന്ന നിലപാടില്‍ നിലയുറപ്പിച്ച് കൊണ്ട് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി കൂട്ടിച്ചേര്‍ത്തതോടെ അങ്കലാപ്പിലായത് പാകിസ്ഥാനാണ്. കശ്മീരിന്റെ പേരില്‍ ഇന്ത്യയുടെ സമാധാനം കെടുത്താന്‍ അങ്കം കുറിച്ച് നടക്കുന്ന അയല്‍ക്കാര്‍ക്ക് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള തീരുമാനം ചങ്ക് തകര്‍ക്കുന്നതായി. ചൈനയുടെ പിന്തുണയോടെ കശ്മീര്‍ കൈക്കലാക്കാമെന്ന വ്യാമോഹമാണ് ഇതോടെ അടഞ്ഞ അധ്യായമായത്. ഇതിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും ഇതുവരെ വിജയിച്ചിട്ടില്ല. 

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. പാകിസ്ഥാനുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ബോറിസ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള കാര്യം മാത്രമാണെന്നും, അത് പരസ്പരം ചര്‍ച്ച ചെയ്താണ് തീര്‍ക്കേണ്ടതെന്നുമുള്ള യുകെ നിലപാടില്‍ മാറ്റമില്ലെന്ന് ബോറിസ് പറഞ്ഞതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വിശദീകരിച്ചു. 

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ സ്വാതന്ത്രദിനം ആഘോഷിച്ച ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബോറിസ് ഹൈക്കമ്മീഷന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. പാകിസ്ഥാനി ഗ്രൂപ്പുകളും, സിഖ്-കശ്മീരി വിഘടനവാദികളുമാണ് ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. 

ഫ്രാന്‍സില്‍ നടക്കുന്ന ജി-7 സമ്മേളനത്തില്‍ നേരില്‍ സംസാരിക്കാമെന്നും ഇരുനേതാക്കളും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന പ്രകാരം മാറ്റങ്ങള്‍ വരുത്തിയതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ വാദങ്ങള്‍ ലോകരാജ്യങ്ങള്‍ പിന്തുണ നല്‍കാത്ത സാഹചര്യമാണുള്ളത്. ചൈന മാത്രമാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. ജമ്മു കശ്മീരിലും, ലഡാക്കിലും ചൈനയുടെ പ്രത്യേക സാമ്പത്തിക താല്‍പര്യങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. 




കൂടുതല്‍വാര്‍ത്തകള്‍.