എന്‍എച്ച്എസില്‍ രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ ഡ്രൈവ് ചെയ്ത് മടങ്ങുമ്പോള്‍ ഉറക്കം വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. നഴ്‌സിംഗ് സ്‌ക്രബ്‌സ് പോലും മാറ്റാത്ത നിലയില്‍ നഴ്‌സിന്റെ കാര്‍ തടാകത്തില്‍ പതിച്ച് മരണപ്പെട്ട വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഒരു യുവ നഴ്‌സ് കൂടി അപകടത്തില്‍ കൊല്ലപ്പെട്ടത്. അയര്‍ലണ്ടിലെ എ&ഇയില്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ നഴ്‌സാണ് അപകടത്തില്‍ മരിച്ചത്.
കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് 26-കാരി കെറി ബ്രൗണി മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും, മറ്റൊരു ജീപ്പും ബുധനാഴ്ച രാവിലെ 8 മണിക്ക് കൗണ്ടി കെറിയില്‍ വെച്ച് കൂട്ടിമുട്ടുകയായിരുന്നു. മീന്‍ലെട്രിയത്തിലെ എന്‍21-ലേക്ക് പാാരമെഡിക്ക് സഹജീവനക്കാര്‍ കുതിച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെറി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
ജീപ്പില്‍ സഞ്ചരിച്ച ഡ്രൈവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൗത്ത് വെയില്‍സിലെ കെയര്‍ഫിലിയില്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സ് ലോറി ജോണ്‍സ് (23) അപകടത്തില്‍ മരിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടനിലെ നഴ്‌സിംഗ് സമൂഹത്തെ ഞെട്ടിച്ച അടുത്ത ദുരന്തം സംഭവിച്ചത്. 2016-ലെ ലണ്ടന്‍ റോസ് ഓഫ് ട്രാലി സൗന്ദര്യമത്സരത്തില്‍ ഫൈനലിസ്റ്റായിരുന്നു കെറി. അടുത്തിടെയാണ് ഇംഗ്ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്ക് ഇവര്‍ മടങ്ങിയത്.
'ജോലിയില്‍ മികവ് പ്രകടിപ്പിച്ച നല്ലൊരു നഴ്‌സായിരുന്നു കെറി. നല്ലൊരു ഹൃദയമുണ്ടായിരുന്ന കെറിയുടെ നഷ്ടത്തില്‍ എല്ലാവരും പങ്കുചേരുകയാണ്', ഒരു അയല്‍വാസി പ്രതികരിച്ചു.