23 വയസ്സുള്ളപ്പോഴാണ് നതാഷ മില്ലര്‍ ന്യൂസിലാന്‍ഡിലെ പഹിയാതുവ തരാരുവ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായി എത്തുന്നത്. 2006-ല്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥി ഹെയ്ഡന്‍ മക്‌ഡൊണാള്‍ഡിനെ കണ്ടുമുട്ടി. ആ അധ്യാപക, വിദ്യാര്‍ത്ഥി ബന്ധം പക്ഷെ പിന്നീട് പല ട്വിസ്റ്റുകളിലൂടെ കടന്നുപോകുമെന്ന് അന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരിക്കില്ല. ഈ 16-കാരനായ വിദ്യാര്‍ത്ഥിയുമായി രഹസ്യബന്ധം പുലര്‍ത്തുന്നുവെന്ന് കണ്ടെത്തിയതോടെ ജോലിയില്‍ നിന്നും രാജിവെയ്‌ക്കേണ്ടി വന്നതാണ് ആദ്യത്തെ ട്വിസ്റ്റ്.
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ രാജിവെച്ചൊഴിഞ്ഞ ആ അധ്യാപിക ഇന്ന് അതേ വ്യക്തിയുടെ ഭാര്യയായി ജീവിക്കുന്നുവെന്നതാണ് പുതിയ ട്വിസ്റ്റ്. എന്നുമാത്രമല്ല മൂന്ന് മക്കളെയാണ് ഈ ദമ്പതികള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളേക്കാള്‍ പക്വത പുലര്‍ത്തിയ ഹെയ്ഡനോട് തോന്നിയ അടുപ്പമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതെന്ന് വ്യക്തമാക്കുന്നു മില്ലര്‍.
നല്‍കുന്ന അസൈന്‍മെന്റുകള്‍ മറ്റുള്ളവരേക്കാള്‍ മികവോടെ നല്‍കിയത് ബഹുമാനം വര്‍ദ്ധിപ്പിച്ചു. കൂടാതെ വളരെ വിനയത്തോടെയാണ് പെരുമാറിയത്. സംഗീതത്തിലും, മറ്റ് പല ഹോബികളിലും സമാനതകള്‍ കൂടി ആയതോടെ അധ്യാപിക ഫോണ്‍ നമ്പര്‍ വിദ്യാര്‍ത്ഥിക്ക് നല്‍കി. ഇതുവഴി സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവായി. മകന്‍ ഇടയ്ക്കിടെ കുളിക്കാന്‍ പോകുന്നതും, ക്ലാസില്‍ പോകുന്നതിന് മുന്‍പ് അധികമായി ഒരുങ്ങുന്നതും കണ്ട അമ്മ ഹെയ്ഡന്റെ മാറ്റങ്ങള്‍ ശ്രദ്ധിച്ചു. ഒരു ദിവസം സ്‌കൂളില്‍ മകനെ കൂട്ടാനെത്തിയപ്പോള്‍ ഹെയ്ഡന്‍ ക്ലാസില്‍ ഉണ്ടായില്ല.
ഇതോടെ മകന്റെ ഫോണ്‍ വാങ്ങി പരിശോധിച്ച അമ്മ ഇവരുടെ ബന്ധം കണ്ടെത്തി. മില്ലറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രക്ഷിതാക്കള്‍ രണ്ട് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു, ഒന്നുകില്‍ ബന്ധം അവസാനിപ്പിക്കുക, അല്ലെങ്കില്‍ ജോലി രാജിവെയ്ക്കുക. ഇവരെ ഞെട്ടിച്ച് ജോലി രാജിവെയ്ക്കാനാണ് മില്ലര്‍ തീരുമാനിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മില്ലറും, ഹെയ്ഡനും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുന്നു. മില്ലര്‍ ഡാന്നെവിര്‍കെ ഹൈസ്‌കൂളില്‍ പാസ്റ്ററല്‍ കെയര്‍ ഡീനാണ്.